 
തൊടുപുഴ: കേരളത്തിലെ പാരമ്പര്യ നാട്ടു വൈദ്യന്മാർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്ര സർക്കാർ പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘം ഭാരവാഹികൾ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. പാരമ്പര്യ ചികിത്സ രാജ്യത്തിന്റെ പൈതൃക സമ്പത്താണെന്നും നൂറ്റാണ്ടുകളുടെ പഴക്കം ഈ ചികിത്സാ ശാസ്ത്രത്തിനുണ്ടെന്നും നിവേദനത്തിൽ പറയുന്നു. ആയുർവേദത്തിന്റെ കച്ചവട ഔഷധ നിർമ്മാണ രീതി ശാസ്ത്രമല്ല പാരമ്പര്യ വൈദ്യത്തിന്റേത്. പതിനായിരക്കണക്കിന് പാരമ്പര്യ വൈദ്യന്മാർ കേരളത്തിലുണ്ട്. ഈ ചികിത്സാ മേഖലയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പതിറ്റാണ്ടുകളായി നടക്കുന്നു. പാരമ്പര്യ ചികിത്സകൾ എല്ലാ രാജ്യത്തുമുണ്ട്. ഒരു രാജ്യത്തിനും പാരമ്പര്യ ചികിത്സകൾ നിരോധിക്കാനാവില്ല. ലോകാരോഗ്യ സംഘടന തന്നെ എല്ലാ രാജ്യത്തെയും പാരമ്പര്യ നാട്ടുചികിത്സകളെയും വൈദ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാരമ്പര്യ ചികിത്സകൾ ഭാരത സർക്കാരും നിരോധിച്ചിട്ടില്ല. നിരോധിക്കാൻ സാധ്യവുമല്ല. പാരമ്പര്യ വൈദ്യന്മാർക്കു നേരെ തിരിയുന്നവർ ഈ വസ്തുത മനസ്സിലാക്കണമെന്നും നിവേദസംഘം പറഞ്ഞു. ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘം സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജനറൽ സെക്രട്ടറി പി.വി. ബാലകൃഷ്ണൻ വൈദ്യൻ, ട്രഷറർ കെ.കെ. രാമചന്ദ്രൻ വൈദ്യൻ, സെക്രട്ടറിമാരായ സുജി കുര്യാക്കോസ്, സിന്റോ ജോസഫ്, ജില്ലാ പ്രസിഡന്റ് പി.വി. ബേബി വൈദ്യൻ, ജി. തങ്കപ്പൻ വൈദ്യൻ, പാലക്കുഴ തങ്കപ്പൻ വൈദ്യൻ എന്നിവരാണ് നിവേദനം നൽകിയത്.