rahul-raj
ഹോട്ടലിന് ഫിറ്റ്നസ് നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇടുക്കി ഡി.എം.ഒയ്ക്കൊപ്പം അറസ്റ്റിലായ രാഹുൽ രാജിനെ പ്രത്യേക സിറ്റിംഗ് നടത്തി കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നു

കട്ടപ്പന: കൈക്കൂലിക്കേസിൽ ഡി.എം.ഒയായിരുന്ന എൽ. മനോജിനൊപ്പം വിജിലൻസ് അറസ്റ്റ് ചെയ്ത ഇടനിലക്കാരനും ഡ്രൈവറുമായ എരുമേലി പുഞ്ചവയൽ തെക്കേടത്ത് രാഹുൽ രാജിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതി വീണ്ടും റിമാൻഡ് ചെയ്തു. രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രാഹുൽ രാജിന്റെയും ചെമ്പകപ്പാറ പി.എച്ച്.സിയിലെ ഡോ. ഷെഹിന്റെ അമ്മഞ്ചേരിയിലുള്ള വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നു വർഷത്തിനിടെ രണ്ടു കോടിയിലധികം രൂപ രാഹുൽ രാജിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസിന്റെ പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. തന്റെയും താൻ ഡ്രൈവറായി ജോലി നോക്കുന്ന ഡോക്ടറുടെയും ബിസിനസിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് രാഹുൽ രാജ് വിജിലൻസിന് നൽകിയിരിക്കുന്ന മൊഴി. കൈക്കൂലിപ്പണവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താൻ പണം ഇട്ടവരുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഡി.എം.ഒ മനോജിന്റെ അക്കൗണ്ടിലേക്ക് രാഹുൽ മുമ്പ് പണം അയച്ചതിന്റെ തെളിവുകളും വിജിലൻസിന് കിട്ടി. മനോജ് 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അൽ ബുഹാരി ഹോട്ടലുടമയും പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കട്ടപ്പന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. മൂന്നാർ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ഒമ്പതിനാണ് ഡി.എം.ഒയായിരുന്ന മനോജിനെയും രാഹുലിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങുന്നത് സംബന്ധിച്ച് ഡി.എം.ഒയ്‌ക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിറ്റേന്ന് ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെൻഷന് സ്റ്റേ വാങ്ങി. തൊട്ടടുത്ത ദിവസം സർവീസിൽ തിരികെ പ്രവേശിച്ചെങ്കിലും അന്ന് തന്നെ കൈക്കൂലിക്കേസിൽ അറസ്റ്റിലാവുകയായിരുന്നു.