കുമളി: തമിഴ്നാട്ടിലെ കമ്പം സർക്കാർ ആശുപത്രിക്ക് സമീപം സി.എം.എസ് നഗറിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബൈൽ വർക്ക് ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീ പിടുത്തത്തിൽ കത്തിനശിച്ചു. ഇന്നലെ പുലർച്ചയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ തേങ്ങാക്കൽ സ്വദേശി അനീഷിന്റെ വർക്ക് ഷോപ്പിന് മുന്നിൽ അറ്റകുറ്റപ്പണികൾക്കായി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഒരു ടെമ്പോ ട്രാവലറടക്കം അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു. രാത്രി പതിനൊന്നോടെ അനീഷ് വർക്ക് ഷോപ്പ് അടച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി പുലർച്ചയോടെ തീ അണച്ചു. വാഹനങ്ങളിലൊന്നിലെ ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കമ്പം സൗത്ത് പൊലീസ് കേസെടുത്തു.