shelter-home
കുടിവെള്ള പദ്ധതിയുടെ ഭാഗമായ കുഴൽ കിണറിന്റെ ഭാഗം ചുറ്റിലും മൂടി ഷെല്‍ട്ടര്‍ ഹോം നിർമ്മാണം

കട്ടപ്പന: ഷെൽട്ടർ ഹോമിന്റെ നിർമ്മാണം കുടിവെള്ള പദ്ധതിയ്ക്ക് വിലങ്ങു തടിയായതോടെ ഗുണഭോക്താക്കളും നാട്ടുകാരും സംഘടിച്ച് നിർമ്മാണം തടഞ്ഞു. തുടർന്ന് സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് പദ്ധതി സംരക്ഷിക്കാൻ നഗരസഭ തീരുമാനമെടുത്തു. കല്ലുകുന്ന് വാർഡിലെ 33 ഗുണഭോക്താക്കളുള്ള പദ്ധതിയാണ് കല്ലുകുന്ന് കുടിവെള്ള പദ്ധതി. കെട്ടിടത്തിന്റെ കോൺക്രീറ്റ് തുണുകൾ നിർമ്മിക്കാൻ കുഴൽക്കിണറിന്റെ ചുറ്റിലും മണ്ണെടുത്തിരിക്കുകയാണ്. ഒപ്പം ആദ്യഘട്ട കോൺക്രീറ്റും കഴിഞ്ഞു. നിർമ്മാണം സംബന്ധിച്ച് വാർഡ് കൗൺസിലറെയോ ഗുണഭോക്തൃസമിതി ഭാരവാഹികളെയോ അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ വിവരമറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി നിർമ്മാണം തടയുകയായിരുന്നു. തുടർന്ന് കൗൺസിലർ ധന്യ അനിൽ നഗരസഭ ചെയർപേഴ്സനെ വിവരമറിയിച്ചു. ഗുണഭോക്താക്കൾ സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് പദ്ധതി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി.