കുടയത്തൂർ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച നാട്ടുകാരെയും മർദ്ദിച്ചതായി പരാതി. കോളപ്ര ഏഴാംമൈലിൽ വ്യാഴാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. അറക്കുളം സെന്റ് ജോസഫ്സ് കോളേജിൽ നടന്ന എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ നടന്ന കൈയാങ്കളിയാണ് നാട്ടുകാരെ അക്രമിക്കുന്നതിലേക്ക് എത്തിയത്. യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു ഭരണം പിടിച്ചെടുത്തിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം കോളേജ് കവാടത്തിൽ കെ.എസ്.യു- എസ്.എഫ്‌.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് രാത്രിയോടെ ഏഴാംമൈൽ സ്വദേശികളായ കെ.എസ്.യു പ്രവർത്തകരായ കോളേജ് വിദ്യാർത്ഥികളെ തിരക്കി ഇരുപതോളം വരുന്ന എസ്.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ഏഴാം മൈൽ ജംഗ്ഷനിലെത്തി. ഈ സമയം ഏഴാംമൈൽ ജംഗ്ഷനിൽ ഉണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകനായ വിദ്യാർത്ഥിയെ
എസ്.എഫ്‌.ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു. ഇത് തടയാനെത്തിയ പ്രദേശവാസികൾക്കും സംഘർഷത്തിൽ പരിക്കേൽക്കുകയായിരുന്നു. ഏഴാം മൈൽ സ്വദേശികളായ സുനിൽകുമാർ, ബാബു, സജിമോൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി. അക്രമിക്കുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയുന്ന അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.