തൊടുപുഴ: ജില്ലാ കായിക മേള ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരിശീലന സൗകര്യങ്ങളുടെ കാര്യത്തിൽ കിതയ്ക്കുകയാണ് മലയോരത്തെ കായികപ്രതിഭകൾ. സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്ത ജില്ലയിലെ കായികമേഖലയ്ക്ക് പരിമിതമായ പരിശീലനവും അടിസ്ഥാന സൗകര്യക്കുറവുമാണ് വെല്ലുവിളിയാകുന്നത്. ജില്ലയിലെ നൂറ്റമ്പതോളം സർക്കാർ,​ എയ്ഡഡ് സ്കൂളുകളിൽ ആകെ എമ്പതിൽ താഴെ കായിക അദ്ധ്യാപകരാണുള്ളത്. സർക്കാർ സ്കൂളുകളിൽ ഇരുപതിൽ താഴെയാണ് കായികാദ്ധ്യാപകരുടെ എണ്ണം. ഭൂരിഭാഗം മാനേജ്‌മെന്റ് സ്‌കൂളിലും കായിക അദ്ധ്യാപകർ സ്‌കൂളിന് പുറത്താണ്. മലയോര മേഖലയിലെ ചില സ്‌കൂളിലെ കായിക താരങ്ങൾ പരിശീലനത്തിന് മറ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ കായികവിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാണെങ്കിലും അദ്ധ്യാപകരില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നില്ല. യു.പി വിഭാഗത്തിൽ അഞ്ഞൂറ് കുട്ടികളും ഹൈസ്‌കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകളും ഉണ്ടെങ്കിലേ കായിക അദ്ധ്യാപകനെ നിയമിക്കാവൂ എന്നാണ് ചട്ടം. കുട്ടികളുടെ കുറവ് നേരിടുന്ന സ്‌കൂളുകളിൽ കായിക അദ്ധ്യാപകർക്ക് സ്ഥാനമില്ലാതെ പോകുന്നത് ഈ മാനദണ്ഡം മൂലമാണ്. യു.പി വിഭാഗത്തിലെ പരിധി മുന്നൂറായി കുറയ്ക്കണമെന്നും ഹൈസ്‌കൂളിൽ പത്താം ക്ലാസ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കായിക അദ്ധ്യാപകർ ചട്ടപ്പടി സമരം നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജില്ലാ സ്‌കൂൾ കായികമേളയിൽ ഹൈറേഞ്ച് മേഖലയിലെ ചില സ്‌കൂളുകൾ ഒഴിച്ചാൽ മറ്റ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതിന് പിന്നിൽ പരിശീലനത്തിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ആർ.സിയിൽ നിന്ന് താത്കാലികമായി കായികാദ്ധ്യാപകരെ നിയമിക്കുന്നുണ്ടെങ്കിലും പല സ്‌കൂളുകളിൽ പോകേണ്ടതിനാൽ ഇവരുടെ സേവനം പരിമിതമായാണ് ലഭിക്കുന്നത്.

ഒന്ന് ഓടാൻ പോലും ഇടമില്ല

ഉപജില്ലാ കായിക മേള കഴിഞ്ഞ് റവന്യൂ തല മത്സരങ്ങൾക്കായി നെടുങ്കണ്ടത്തേക്ക് വണ്ടി കയറുമ്പോൾ വിദ്യാ‌ർത്ഥികൾക്ക് മതിയായ പരിശീലന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നതാണ് വസ്തുത. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളാണ് ഇക്കാര്യത്തിൽ ഏറെ പിന്നിൽ. ജില്ലയിലെ ഒരു സ്‌കൂളിലും സിന്തറ്റിക് ട്രാക് ഇല്ല. 200 മീറ്റർ ട്രാക് പോലും വിരിലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമാണുള്ളത്. സ്‌പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. മൈതാനങ്ങൾ പോലുമില്ലാത്ത സ്‌കൂളുകളും ജില്ലയിൽ നിരവധിയാണ്. ഹൈജമ്പിനും പോൾവാട്ടിനുമുള്ള പരിശീലനസൗകര്യങ്ങളും പേരിന് മാത്രമാണ്. ഇത് സ്‌കൂൾതല മേളകളിലടക്കം വിദ്യാർത്ഥികളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

കായികാദ്ധ്യാപകരുടെ എണ്ണം

 എയ്ഡഡ് സ്കൂൾ -60

 സർക്കാർ സ്കൂൾ - 17

'കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വ‌ർദ്ധിപ്പിക്കണം. കുട്ടികളുടെ എണ്ണം നോക്കാത്ത കായികാദ്ധ്യാപകരെ നിയമിക്കുയും ചെയ്യണം"

-(ജിമ്മി ജോസഫ്, ജില്ലാ പ്രസിഡന്റ്, പ്രൈവറ്റ് സ്കൂൾ കായികാദ്ധ്യാപക സംഘടന)