പീരുമേട്: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ പീരുമേട്,​ വണ്ടിപ്പെരിയാർ,​ ഏലപ്പാറ, കുമളി തുടങ്ങിയ തോട്ടം മേഖലകളിൽ വ്യാപകമാകുന്നു. 50 ഗ്രാം, 100 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങൾ ഇടനിലക്കാർ എത്തിക്കുന്നത്. എക്സൈസും പൊലീസ് ഉദ്യോഗസ്ഥരും ലഹരി കച്ചവടക്കാരെ പിടികൂടിയാൽ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് എളുപ്പത്തിൽ ജാമ്യം നേടി രക്ഷപ്പെടുന്ന സ്ഥിതിയാണ്. ഒരു കിലോയിൽ താഴെ മാത്രം കഞ്ചാവാണ് കച്ചവടക്കാർ കൈയിൽ സൂക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇവർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കും. പുറത്തിറങ്ങി വീണ്ടും ലഹരി വിൽപ്പന തന്നെ തുടരും. കേസ് കോടതിയിൽ എത്തുമ്പോൾ പലപ്പോഴും ശിക്ഷ കിട്ടാറുമില്ല. ഇതാണ് യുവാക്കൾ കച്ചവടക്കാരായും വാഹകരായും മാറുന്നതിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തോട്ടം മേഖലയിൽ നിരവധി യുവാക്കൾ ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലും വാഹനാപകടത്തിലുംപെട്ട് മരിച്ചിട്ടുണ്ട്.