 
പീരുമേട്: ശബരിമല സീസൺ പടിവാതിൽക്കലെത്തിയിട്ടും ദേശീയ പാതയിൽ ഇപ്പോഴും വേണ്ട മുന്നൊരുക്കങ്ങൾ ഒന്നും ചെയ്തിട്ടില്ല. കുട്ടിക്കാനം മുതൽ മുണ്ടക്കയം ഈസ്റ്റ് വരെയുള്ള ഡിണ്ടുക്കൽ കൊട്ടാരക്കര ദേശീയപാതയുടെ വശങ്ങളിൽ ഇപ്പോഴും കാട്ടുവള്ളികളും വള്ളിപ്പടർപ്പുകളും പടർന്നു കയറി അപകട ഭീഷണി ഉയർത്തുകയാണ്. സിഗ്നൽ ലാമ്പുകളിലും ക്രാഷ് ബാരിയറുകളിലും കാട്ടുചെടികൾ പടർന്നു കിടക്കുന്നതുമൂലം റോഡും റോഡിന്റെ വശങ്ങളിലെ കുഴിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇതുവഴിയെത്തുന്ന ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. കുട്ടിക്കാനം മുതൽ മുണ്ടക്കയം ഈസ്റ്റ് വരെയുള്ള ഭാഗങ്ങളിൽ നാല്പതാം മൈൽ, അമലഗിരി, പുല്ലുപാറ, കുട്ടിക്കാനം, മരിയാഗിരി ഭാഗത്ത് കാട്ടുചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് സിഗ്നൽ ലൈറ്റുകളുടെ മുകളിലും ക്രാഷ് ബാരിയറിലും പടർന്നു കിടക്കുകയാണ്. അഞ്ചു മാസങ്ങൾക്ക് മുമ്പ് സംരക്ഷണഭിത്തി തകർന്ന് റോഡ് ഒലിച്ചു പോയ പീരുമേട് മത്തായികൊക്ക ഭാഗത്ത് ഇനിയും സംരക്ഷണ ഭിത്തി പുനഃസ്ഥാപിച്ചിട്ടില്ല. റോഡിന്റെ വശത്ത് ടാർ വീപ്പകൾ നിറച്ച് വച്ച്, ചുവപ്പ് റിബൺ വലിച്ചുകെട്ടിയാണ് അപകട സൂചന അറിയിക്കുന്നത്. പലപ്പോഴും അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ റോഡിന് വീതികുറവാണ്. ഇതുവഴി വലിയ വാഹനങ്ങൾ പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. ഒരു തീർത്ഥാടനകാലം കൂടി വരുമ്പോൾ ഈ പ്രദേശത്തെ അപകടഭീഷണി ഒഴിവാക്കാൻ ദേശീയപാത അധികൃത തയ്യാറാകാത്തതിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
അവലോകനയോഗം നടത്തി
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി കുമളി, കട്ടപ്പന, കമ്പംമെട്ട്, വണ്ടിപ്പെരിയാർ, പാഞ്ചാലിമേട്, പീരുമേട്, സത്രം, പുല്ലുമേട് കാനനപാത, അഴുതക്കടവ്, ചെറിയാനവട്ടം, കാനനപാത എന്നിവിടങ്ങളിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവയെ സംബന്ധിച്ച സുരക്ഷാ അവലോകന യോഗം വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തി. സ്‌പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന എ.എസ്.പി രാജേഷ് കുമാർ, പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സജീവ് ചെറിയാൻ, വള്ളക്കടവ് റേഞ്ച് ഓഫീസർ എൻ.കെ. അജയഘോഷ്, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ, എസ്.എച്ച്.ഒമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.