pic
ക്യാമ്പിലെത്തി രക്തം നൽകുന്നവർ

കുമാരമംഗലം : കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് സെന്ററുമായി സഹകരിച്ച് ജീവദ്യുതി പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും കേരള പൊലീസ് പോൾ ബ്ലഡ് പദ്ധതിയുടെയും സംയുക്ത പദ്ധതിയാണ് ജീവദ്യുതി പോൾ ബ്ലഡ്. രക്തദാന ക്യാമ്പിന്റെ ഭാഗമായി കേരള പൊലീസിന്റെ നിരവധി സേവനങ്ങൾ ലഭ്യമാകുന്ന പോൾ ആപ്പിനെക്കുറിച്ച് രക്തദാതാക്കളിൽ ബോധവത്കരണം നടത്തുകയും അവരുടെ ഫോണുകളിൽ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്തു. 18 വയസ്സ് പൂർത്തിയായി ആദ്യമായി രക്തം ദാനം ചെയ്തവരെ ആദരിച്ചു. പ്രിൻസിപ്പൽ ടോംസി തോമസ്, ഐ.എം.എ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ക്വിൻസി മറിയം ജേക്കബ്, ഐ.എം.എ ബ്ലഡ് സെന്റർ ഇൻ ചാർജ് ജയചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിനോയ് ജോർജ് , എൻ.എസ്എസ് വോളണ്ടിയേഴ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.