ഇടുക്കി: സംസ്ഥാനത്തെ എല്ലാവിധ ഭൂജലസ്രോതസുകളുടെയും ശാസ്ത്രീയ വിവരാശേഖരണത്തിനായി നീരറിവ് മൊബൈൽ ആപ്പ് മുഖേന നടത്തുന്ന 'വെൽ സെൻസസ്" പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നാളെ വൈകിട്ട് നാലിന് തോപ്രാംകുടിയിൽ നിർവഹിക്കും. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി മുഖ്യാതിഥിയാവും. വെൽ സെൻസസ് വിവരശേഖരണ വീഡിയോ പ്രകാശനം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ നിർവഹിക്കും. വെൽ സെൻസസ് സാമൂഹിക മാധ്യമ ഹാൻഡിലുകളുടെ പ്രകാശനം കെ.എസ്.ആർ.ഇ.സി കമ്മിഷണർ അരുൺ എസ്. നായർ നിർവഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ്, സംസ്ഥാന ഭൂജല അതോറിട്ടി അംഗങ്ങളായ കെ.എൻ. മുരളി, സെലിൻ കുഴിഞ്ഞാലിൽ എൻ.എച്ച്.പി സംസ്ഥാന നോഡൽ ഓഫീസർ ബിന്ദു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.