 
തൊടുപുഴ: റെഡ് ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണവും ജില്ലാതല ക്വിസ്, പ്രസംഗ മത്സരവും ജൂനിയർ റെഡ്‌ക്രോസ് ജില്ലാ ജോയിന്റ് കോ- ഓർഡിനേറ്ററായ ഹെഡ്മാസ്റ്റർ പി.എൻ. സന്തോഷിനുള്ള യാത്രയയപ്പും നടന്നു. തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപനസമ്മേളനത്തിലും അനുമോദനയോഗത്തിലും റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ പി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ജില്ലാ ജൂനിയർ റെഡ്‌ക്രോസ് കോ- ഓർഡിനേറ്റർ ജോർജ് ജേക്കബ് ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി. ജില്ലാ റെഡ് ക്രോസ് സമിതി അംഗം പി.എസ്. ഭോഗീന്ദ്രൻ, ഹെഡ്മിസ്ട്രസ് കെ.എസ്. ജയന്തി എന്നിവർ ആശംസകളർപ്പിച്ചു. ദീർഘകാലം ജൂനിയർ റെഡ്‌ക്രോസ് ഇടുക്കി ജോയിന്റ് കോർഡിനേറ്ററായിരുന്ന പി.എൻ സന്തോഷിനെ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി ആദരിച്ചു. ക്വിസ് മത്സരത്തിൽ പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ തീർത്ഥ രാജേഷും ലിന്റാ സെബാസ്റ്റ്യനും ഒന്നാം സ്ഥാനം നേടി. നെടുങ്കണ്ടം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അലീന ടെസ രാജീവും ജയലക്ഷ്മി ജയ പ്രകാശും രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കട്ടപ്പന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിലെ അമൃത ബിജുവും അനഘ അജിത്ത് കുമാറും ഒന്നാം സ്ഥാനം നേടി. ജില്ലാതല പ്രസംഗ മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ ഡാൻഅലക്സ് റോഷൻ ഒന്നാം സ്ഥാനവും വിമലഗിരി വിമല ഹൈസ്‌കൂളിലെ ജിയ മെറിൻ ജോബി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ കട്ടപ്പന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ആൻമരിയ സോജൻ ഒന്നാം സ്ഥാനവും നേടി.