തൊടുപുഴ: കിണറ്റിൽ വീണ ആടിനും രക്ഷിക്കാനായിറങ്ങി കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്കും രക്ഷകരായി അഗ്നിരക്ഷാസേന. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നഗരസഭ കൗൺസിലർ ബിന്ദു പത്മകുമാറിന്റെ ആടാണ് മേഞ്ഞ് നടക്കുന്നതിനിടെ സമീപവാസിയായ ഡോ. വിനോദിനിയുടെ കിണറ്റിൽ അകപ്പെട്ടത്. കിണറിന് 35 അടി താഴ്ചയും അതിൽ 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു. ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ ജാർഖണ്ഡ് സ്വദേശിയായ കിഷോർ മുർമു കിണറ്റിൽ അകപ്പെടുകയായിരുന്നു. അയൽവാസിയായ വീട്ടമ്മ സലൂജയാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സേന റെസ്ക്യു നെറ്റ് ഉപയോഗിച്ച് ആടിനെയും കിഷോറിനെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, സജീവ് പി ജി, ജെയിംസ് പുന്നൻ, ഹോം ഗാർഡുമാരായ ബെന്നി എം പി, മുസ്തഫ ടി കെ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.