bus
പാമ്പ്ളയിൽ റോഡരികിലെ തിട്ടയിലിടിച്ച് നിൽക്കുന്ന ബസ്

ചെറുതോണി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പാലത്തിന് സമീപം തിട്ടയിലിടിച്ച് 16 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് പേരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും 10 പേരെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. എറണാകുളത്ത് നിന്ന് നിറയെ യാത്രക്കാരുമായി നെടുങ്കണ്ടത്തേക്ക് വന്ന ബസ് ലോവർ പെരിയാർ ഡാമിന് സമീപം പാമ്പ്ളയിൽ കെ.എസ്.ഇ.ബി കോളനിക്കടുത്തുള്ള കുത്തിറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ തിട്ടയിൽ ഇടിച്ചു നിന്നതു മൂലം വൻദുരന്തം ഒഴിവായി. പാലത്തിന്റെ കൈവരി തകർത്ത് പുഴയിൽ പതിച്ചിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു. രാത്രിതന്നെ കരിമണൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നിസാര പരിക്കേറ്റ എല്ലാവരെയും പ്രാഥമിക ചികിത്സ നടത്തിയ ശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു.