ksrtc
കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ

കട്ടപ്പന: പരിമിതികളിലും മികച്ച വരുമാനം നേടി കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ. ഏതാനും നാളുകൾക്കു മുമ്പ് 50% ലാഭത്തിൽ ആയിരുന്ന ഡിപ്പോ ഇപ്പോൾ 70% ലാഭത്തിലേക്ക് മാറി. ആകെയുള്ള 37 സർവീസുകളിൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മികച്ച ലാഭം നൽകുന്നു.
കോഴിക്കോട് ആനക്കാംപൊയിൽ സർവീസാണ് ഏറ്റവുമധികം ലാഭം നൽകുന്നത്. അതിനോടൊപ്പം മറ്റുള്ള ദീർഘദൂര ബസുകളും മിന്നൽ സർവീസും ലാഭകരമാണ്. പുതുതായി ആരംഭിച്ച എറണാകുളം സർവീസും മികച്ച ലാഭമാണ് ഡിപ്പോയ്ക്ക് നൽകുന്നത്. പുലർച്ചെ കട്ടപ്പനയിൽ നിന്ന് ആരംഭിച്ച് പന്ത്രണ്ടുമണിയോടെ ചെല്ലുന്ന ആലപ്പുഴ സർവീസ് വിദ്യാർത്ഥികൾക്കും ഓഫീസ് ജോലിക്കാർക്കും വളരെ പ്രയോജനം ചെയ്യുന്നുണ്ട്. എന്നാൽ
ഇത്തരത്തിൽ വലിയ മെച്ചത്തിലൂടെ പോകുന്ന ഡിപ്പോയ്ക്ക് വെല്ലുവിളികളും നിരവധിയാണ്.

പ്രധാനമായും കാലപ്പഴക്കം ചെന്ന ബസുകളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൂടാതെ ഡിപ്പോയിലെ സ്ഥല സൗകര്യങ്ങൾ കുറഞ്ഞതും പ്രളയ കാലത്ത് ഇടിഞ്ഞുവീണ സംരക്ഷണഭിത്തി പുനർ നിർമിക്കാത്തതും ഡിപ്പോ വികസനത്തിന് തന്നെ വിലങ്ങ് തടിയാകുന്നു. ഇതിനോടൊപ്പം തന്നെ ഇരട്ടി പ്രഹരമാണ് വർക്ഷോപ്പിലെ മെക്കാനിക്കൽ ഉപകരണങ്ങളുടെ അഭാവം. ബസുകളുടെ അടിയിൽ കയറി പണിയെടുക്കുന്നതിന് ആവശ്യമായ റാംമ്പ് ഉൾപ്പെടെയുള്ളവ കട്ടപ്പന ഡിപ്പോയിൽ ഇല്ല. ഡിപ്പോയുടെ ശോച്യാവസ്ഥകളും ബസുകളുടെ കാലപ്പഴക്കങ്ങളും പരിഹരിച്ചാൽ നിലവിലെ മെച്ചപ്പെട്ട വരുമാനത്തിൽ നിന്ന് മികച്ച ലാഭത്തിലേക്ക് ഡിപ്പോ കടക്കും.