
അടിമാലി: വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിയിൽ പണികഴിപ്പിച്ചിട്ടുള്ള നീന്തൽപരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നു.വെള്ളത്തൂവൽ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂൾകുട്ടികൾക്കടക്കം നീന്തല്‍ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വർഷങ്ങൾക്ക് മുമ്പ് മുതുവാൻകുടിയിൽ പഞ്ചായത്ത് നീന്തൽ പരിശീലന കേന്ദ്രം പണികഴിപ്പിച്ചത്.35 ലക്ഷം രൂപയോളം ചിലവഴിച്ചായിരുന്നു നീന്തൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.2020 നവംബറിൽ അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണി നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.എന്നാൽ ഇന്ന് ഈ പരിശീലനകേന്ദ്രം കാടും വള്ളിപ്പടർപ്പും മൂടിയ നിലയിലാണ്.മുതുവാൻകുടിയിൽ പ്രവർത്തിക്കുന്ന ചെങ്കുളം സർക്കാർ എൽ.പി സ്‌കൂളിന് സമീപമാണ് നീന്തൽ പരിശീലന കേന്ദ്രം കാടു കയറി നശിക്കുന്നത്.ആദ്യഘട്ടത്തിൽ ഇവിടെ മെച്ചപ്പെട്ട പരിശീലനം നൽകിയിരുന്നു.പിന്നീട് കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു.പരിശീലന സാമഗ്രികളും നശിച്ച് പോകുന്ന നിലയിലാണ്.ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചിട്ടുള്ള നാടിന് പ്രയോജനപ്രദമാകുന്ന പദ്ധതി നശിച്ചു പോകാന്‍ അനുവദിക്കാതെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് തുറന്നുപ്രവർത്തിപ്പിക്കാന്‍ ഇനിയും വൈകരുതെന്നാണ് ആവശ്യം.