=മാലിന്യ കൂമ്പാരവുമായി തൊടുപുഴ ആറ്

തൊടുപുഴ: "ഞാൻ തൊടുപുഴ ആറാണ്..പക്ഷേ ഇപ്പോൾ അത് ഒരു പേരുമാത്രമായി മാറി. കാരണം എന്റെ ദേഹം മുഴുവൻ അഴുക്കുകൾ കുമിഞ്ഞ് കൂടി സുഖമായി ഒഴുകാൻ പോലും എനിക്ക് കഴിയുന്നില്ല"​ഇത് തൊടുപുഴയുടെ ഹൃദയമായി മാറിയ പുഴയുടെ വിഷാദമാണ്. പക്ഷേ,​ ഇത് ആരോടും പറയാൻ കഴിയാത്ത പുഴയുടെ സ്ഥിതി അതി ദുസ്സഹമാണ്. ഒരു തുള്ളി വെള്ളം പോലും അതിൽ നിന്ന് ഒരാവശ്യത്തിന് പോലും ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമസമായി ഹോട്ടൽ നിന്നുള്ള മാലിന്യം മുതൽ ആശുപത്രികളിൽ നിന്നുള്ള മാലിന്യം വരെ അവിടേയ്ക്ക് ഒഴുകിയെത്തുന്നു.ഇതിന് ഒരു മാറ്റം വേണമെന്ന് പല പരിസ്ഥിതി സംഘടനങ്ങളും പ്രകൃതി സ്നേഹികളും നിത്യേന ഉന്നയിച്ചിട്ടും അധികൃതരുടെ മറുപടി മൗനമാണ്. പുഴയുടെ കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കുന്നവരുടെ കണ്ണ് ആദ്യം ഉടക്കുന്നത് അവിടെ അടി‌‌‌‌‍‌ഞ്ഞ് കൂടിയിരിക്കുന്ന മാലിന്യത്തിലാണ്. ഇത് പുഴയുടെ സുഗമമായ ഒഴുക്കിനെപോലും തടസ്സപ്പെടുത്തുന്നു. അനവധി കുടുംബങ്ങളാണ് തൊടുപുഴ ആറിന്റെ തീരത്ത് അതിവസിക്കുന്നത്. എന്നാൽ അവർക്ക് പുഴയിലെ വെള്ളം നിത്യേനയുള്ള ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കുടിക്കാനോ, കുളിക്കാനോ ഒന്നിനും ഉപയോഗിക്കാൻ സാധിക്കില്ല. മഴ പെയ്താലോ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ് പതിവ്. ചെളിയും മറ്റും ഒഴുകിയെത്തി നീക്കം ചെയ്യാത്തവയോടൊപ്പം തട്ടി നിന്ന് കൂടുതൽ സങ്കീർണ്ണമാക്കുന്നു. നഗരസഭ കെട്ടിടത്തിന്റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന പുഴയിൽ മാലിന്യം അടിഞ്ഞ് കൂടിയിട്ടും ഇതിന് ഒരു പരിഹാരം വേണ്ടേ, നടപടികൾ എടുക്കണ്ടേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. രോഗം വരുമ്പോൾ ശുചീകരണ നടത്തുന്ന പ്രവണത ഒഴിവാക്കി അതിന് മുന്നേ നടപടി സ്വീകരണം എന്ന ആവശ്യവും ഉയരുന്നു.

പുഴ മാലിന്യം

നിക്ഷേപിക്കാനുള്ള ഇടമല്ല..

വീടുകളിൽ നിന്നുമുള്ള മാലിന്യം,​പല വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഓടകൾ വഴി എത്തുന്ന മാലിന്യം വരെ ഇവിടെ എത്തിച്ചേരുന്നു. ഇതിനു പുറമേ നേരിട്ടു നിക്ഷേപിക്കുന്നവ വേറെയും. വീട്ടിലെ മാലിന്യം അവിടെത്തന്നെ നിക്ഷേപിക്കാതെ പുഴയിലും തള്ളുന്നുണ്ട്. ഇതൊടെ പുഴയിപ്പോൾ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി മാറി. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വന്നടിയുന്നു. ഇത്തരം പ്രവർത്തികളിലൂടെ രോഗത്തിന്റെ വ്യാപനം വർദ്ധിക്കുകയാണ്. പ്ളാസ്റ്റിക്ക് മാലിന്യങ്ങളും ആശുപത്രികളിൽ നിന്നും വരുന്നവയിൽ നിന്നും ജലത്തിൽ കോളിഫോം ബാക്ടീരിയ

രൂപപ്പെടുകയും അത് ആരോഗ്യത്തെ പോലും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്കും എത്തിക്കും.

'മാലിന്യം നിക്ഷേപിക്കുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യും.എന്തൊക്കെ രോഗങ്ങൾ വരും എന്നത് പ്രവചനാതീതമാണ്.പ്രകൃതി സ്രോതസ്സുകളെ ഇത്തരത്തിൽ നശിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം.ഇത്തരം പ്രവണത തടയാനുള്ള നിലപാടുകൾക്ക് അധികാരികൾ മുൻകൈയെടുക്കണം.'

(എം.എൻ. ജയചന്ദ്രൻ, ബി.ജെ.പി, പരിസ്ഥിതി സെൽ സംസ്ഥാന കോർഡിനേറ്റർ)