തൊടുപുഴ: ഇടതുപക്ഷ സർക്കാരിന്റെ ഭൂവിഷയങ്ങളിലുള്ള അനങ്ങാപ്പാറ നയം മൂലം ഹൈറേഞ്ചിലെ ജനതയുടെ സ്വൈര്യജീവിതം താറുമാറാക്കിയ സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ ജേക്കബും അറിയിച്ചു. ഭൂവിഷയങ്ങളിൽ സർക്കാർ അഭിഭാഷകർ കപട പരിസ്ഥിതിവാദികളുടെ പക്ഷം ചേർന്ന് കോടതിയിൽ നിന്നും കർഷക വിരുദ്ധ വിധികളുണ്ടാക്കുവാൻ സാഹചര്യം സൃഷ്ടിക്കുകയാണ്.സാങ്കേതികത്വങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥന്മാർ മാറ്റിവെച്ചിരിക്കുന്ന പട്ടയ അപേക്ഷയിന്മേൽ സാങ്കേതികത്വങ്ങൾ നീക്കി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കണം.സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള യു.ഡി.എഫ് സമര പ്രഖ്യാപന കൺവെൻഷൻ 29ന് ചെറുതോണി ടൗൺ ഹാളിൽ നടത്തും. നിയോജക മണ്ഡലംതല സായാഹ്ന പ്രതിഷേധ സംഗമം, വാഹനജാഥ ഉൾപ്പെടെയുള്ള പരിപാടികൾക്കും യോഗം രൂപം നൽകിയിട്ടുണ്ട്. തൊടുപുഴയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, ഡി.സി.സി പ്രസിഡന്റ് സി .പി മാത്യു, അഡ്വ. ഇ.എം അഗസ്തി, അഡ്വ. ജോയി തോമസ്, കെ.എം എ ഷുക്കൂർ, റോയി കെ പൗലോസ്, സുരേഷ് ബാബു, അഡ്വ. ജോസഫ് ജോൺ, കെ.എ കുര്യൻ, പിസി ജയൻ, സാബു മുതിരക്കാല, അഡ്വ സിറിയക് കല്ലിടുക്കിൽ, എം.കെ പുരുഷോത്തമൻ, എൻ.ഐ ബെന്നി, അഡ്വ. ജോസി ജേക്കബ്, അഡ്വ. സിറിയക് തോമസ്, എ എം ഹാരിദ്ദ്, ഓ ആർ ശശി, ജോയി കൊച്ചുകരോട്ട്, ബെന്നി തുണ്ടത്തിൽ, എം ജെ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.