കുമളി : ക്ഷീര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു കഴിഞ്ഞതായി വാഴൂർ സോമൻ എം. എൽ. എ . അണക്കരയിൽ പ്രവർത്തനമാരംഭിച്ച മിൽക്ക് എ ടി എം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര വികസന വകുപ്പിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാൽ വിപണനരംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാപിച്ച മിൽക്ക് എ ടി എം എന്ന നൂതനമായ പദ്ധതിയാണ് അണക്കര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പൂർത്തീകരിച്ചത്. ഇതുവഴി ഗുണഭോക്താക്കൾക്ക് 24 മണിക്കൂറും ശുദ്ധമായ പാൽ ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് പദ്ധതിക്ക് പിന്നിൽ. ചടങ്ങിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഡോളസ് പി .ഇ . പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി റോയ്, അണക്കര ആപ്‌കോസ് പ്രസിഡന്റ് ടി ആർ ഗോപാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.