റവന്യൂ ജില്ലാ കായികമേളയ്ക്ക് നെടുങ്കണ്ടത്ത് തുടക്കം
നെടുങ്കണ്ടം: കായിക കൗമാരത്തിന്റെ ആവേശ കുതിപ്പിന് സാക്ഷ്യം വഹിച്ച് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് ചരിത്രത്തിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ തുടക്കം. നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന മേളയുടെ ആദ്യ ദിനം തന്നെ ഹൈറേഞ്ചിലെ പരിമിതമായ പരിശീലന സൗകര്യങ്ങൾക്കിടയിൽ നിന്നുമെത്തിയ താരങ്ങൾ പ്രതിഭയുടെ തിളക്കവുമായി കായിക പ്രേമികളുടെ കൈയടി നേടി. നെടുങ്കണ്ടം, തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാർ, പീരുമേട് എന്നീ ഏഴ് ഉപ ജില്ലകളിൽ നിന്നായി 2500 ലധികം കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. 98 ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളാണ് മേളയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ എം.എം. മണി എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്തു. നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭാസ ഓഫീസർ കെ. സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവൻ, ഷിഹാബുദ്ധീൻ ഈട്ടിക്കൽ, നെടുംങ്കണ്ടം സി.ഐ ജർലിൻ വി. സ്‌കറിയ, തോമസ് ജോസഫ്, എം. സുകുമാരൻ, നൗഷാദ് ആലുംമൂട്ടിൽ, കെ.കെ. സജു, ബെന്നി മുക്കുങ്കൽ, റജി ആശാരിക്കണ്ടം, അല്ലി എസ്. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നാളെ വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റിന് എം.എം. മണി എം എൽ എ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് പ്രോഗ്രാം ജനറൽ കൺവീനർ അല്ലി എസ്. ചന്ദ്രൻ ദീപശിഖയ്ക്ക് ദീപം പകർന്നു. സംസ്ഥാന കായിക താരങ്ങളായ അഭിനവ് സിജു, എൻ. എമിവ്, പി.എ. അമൃത, ആഷിക് അനസ്, ആർ.സാന്ദ്ര എന്നിവർ ചേർന്ന് ദീപശിഖ ട്രാക്കിൽ പ്രയാണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.ജെ. ഫ്രാൻസിസ് ദീപശിഖ ഏറ്റുവാങ്ങി വേദിയിൽ സ്ഥാപിച്ചു.
തേരോട്ടത്തിന് തുടക്കമിട്ട് കട്ടപ്പന
ആദ്യദിനം 36 ഇനങ്ങൾ പൂർത്തിയായപ്പോൾ ഉപജില്ലകളിൽ 149 പോയിന്റോടെ കട്ടപ്പന മുന്നേറുകയാണ്. 13 സ്വർണവും 17 വെള്ളിയും ഏഴ് വെങ്കലവും കട്ടപ്പനയുടെ അക്കൗണ്ടിലുണ്ട്. രണ്ടാമതുള്ള അടിമാലിക്ക് 13 സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 110 പോയിന്റുണ്ട്. നെടുങ്കണ്ടം- 46, പീരുമേട്- 41, തൊടുപുഴ- 24, അറക്കുളം- എട്ട് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
ഇരട്ടയാർ സെന്റ് തോമസ് മുന്നേറുന്നു
സ്‌കൂൾ തലത്തിൽ മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 35 പോയിന്റോടെ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസാണ് ഒന്നാമതായി കുതിക്കുന്നത്. മൂന്ന് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 34 പോയിന്റോടെ കാൽവരിമൗണ്ട് കാൽവരി എച്ച്.എസ് രണ്ടാമതുണ്ട്. എൻ.ആർ സിറ്റി എസ്.എൻ.വി എച്ച്.എസ്.എസ്- 28, മുണ്ടക്കയം ആന്റണീസ് എച്ച്.എസ്- 24, പാറത്തോട് സെന്റ് ജോർജ് എച്ച്.എസ്- 24 എന്നീ സ്‌കൂളുകൾ തൊട്ടുപിന്നിലുണ്ട്.