pashu

തൊടുപുഴ:കഴിഞ്ഞ കുറച്ച് നാളുകളായി തൊടുപുഴ അഗ്നിരക്ഷാനിലയത്തിലേക്ക് വരുന്ന വിളികളിലേറെയും മിണ്ടാപ്രാണികളെ രക്ഷിക്കണം എന്നതാണ്. നഗരത്തിലെ വിവിധ ഇടങ്ങളിലെ കിണറികളിലായി നിരവധി വളർത്തുമൃഗങ്ങൾക്കാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രാണൻ തിരിച്ച് നൽകിയത്. ആടും പശുവുമാണ് കിണറ്റിൽ അകപ്പെടുന്നത്..അവയെ രക്ഷിക്കാനിറങ്ങി ഉടമകൾ കുടുങ്ങുന്ന അവസ്ഥകളുമുണ്ട്. ജനുവരി മുതൽ ഒക്ടോബർ വരെ അമ്പതോളം സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ പത്തോളംപേരെ വിവിധ റസ്ക്യുവിലൂടെ രക്ഷിക്കാനായിട്ടുണ്ട്. മനുഷ്യനാണെങ്കിലും മൃഗങ്ങളാണെങ്കിലും കിണറിൽ

അകപ്പെടാതിരിക്കാൻ കിണറുകൾക്ക് നിർബന്ധമായും ചുറ്റുമതിലും ബലമുള്ള ഗ്രില്ലും സ്ഥാപിക്കണം.

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലെ ആൾമറ ഇല്ലാത്ത കിണറുകളിൽ മനുഷ്യരും, മൃഗങ്ങളും അപകടത്തിൽപ്പെടുന്ന സംഭവങ്ങളും വർദ്ധിച്ചുവരുന്നതായി കാണുന്നു. പടുതാക്കുളങ്ങൾക്ക് സംരക്ഷണഭിത്തി ഇല്ലാത്തത് മൂലം കുട്ടികൾ അപകടത്തിൽ പെടുന്ന സംഭവങ്ങളും കാണുന്നുണ്ട്.

വേനൽക്കാലത്ത് കിണർ വൃത്തിയാക്കാനും മറ്റും ഇറങ്ങുമ്പോൾ അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണം.

ജനുവരി മുതൽ ഒക്ടോബർ വരെ

മൃഗങ്ങൾ കിണറ്റിൽ, പടുതക്കുളത്തിൽ വീണത്- 47

ജാഗ്രത വേണം

1. കിണറിൽ ഇറങ്ങാൻ ഉപയോഗിക്കുന്ന ഗോവണി, കയർ തുടങ്ങിയവ പഴക്കമില്ലാത്തതും,ബലം ഉള്ളതും ആണെന്ന് ഉറപ്പുവരുത്തുക.

2. കിണറിൽ ഇറങ്ങുന്നതിനു മുൻപായി മതിയായ ഓക്സിജൻ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ഒരു കാരണവശാലും പേപ്പറുകൾ കത്തിച്ചു ഇടരുത്. അത് പുക തങ്ങിനിന്ന് പിന്നീട് അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

3. ഒരു തൊട്ടിയിൽ മെഴുകുതിരി കത്തിച്ച് വച്ച് സാവധാനം താഴേക്കിറക്കുക. കിണറിന്റെ അടിയിൽ എത്തിയിട്ടും തീ കെടുന്നില്ലെങ്കിൽ ഓക്സിജന്റെ സാന്നിദ്ധ്യം ഉറപ്പാക്കാം.

4. കിണറിനുള്ളിൽ മോട്ടോർ പ്രവർത്തിപ്പിക്കുമ്പോൾ വിഷവാതകം (കാർബൺ മോണോക്സൈഡ്) നിറയാം. അപ്പോഴും അപകടത്തിന് സാധ്യതയാണ്.

5. കിണറിൽ ഇറങ്ങുമ്പോൾ അരയിൽ ബലമുള്ള കയർ (ലൈഫ് ലൈൻ) ബന്ധിപ്പിട്ടുണ്ടെങ്കിൽ അപകടത്തിൽ പെടുന്ന സമയത്ത് അയാളെ എളുപ്പത്തിൽ പുറത്ത് എത്തിക്കാൻ സാധിക്കും.

6. വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി പച്ചിലകൾ കൂട്ടിക്കെട്ടി കയറിൽ കെട്ടിയിറക്കി തുടർച്ചയായി കിണറ്റിലേക്ക് ഇറക്കുകയും ഉയർത്തുകയും ചെയ്യുന്നത് നല്ലതാണ്. കൂടാതെ തുടർച്ചയായി വെള്ളം തളിയ്ക്കുന്നതും വായുസഞ്ചാരം വർദ്ധിപ്പിക്കാൻ സഹായിക്കും.

7. കിണറുകളിൽ കുറെ നാളുകളായി കിടക്കുന്ന പച്ചിലകൾ ചീഞ്ഞ് വിഷവാതകങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെളി ഇളക്കി എടുക്കുമ്പോഴും വിഷവാതങ്ങൾ നിർഗ്ഗമിക്കും.

8. ജോലി കഴിഞ്ഞ് കിണറിൽ നിന്നും തിരികെ കയറുന്ന സമയത്താണ് അപകടങ്ങൾ കൂടുതൽ സംഭവിക്കാറുള്ളത്. കൈകാലുകൾ തളർന്നിരിക്കുന്ന അവസ്ഥയിൽ അപകടങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. വെള്ളവും ചെളിയും കയറിലും കൈലുകളിലും ഉള്ളതിനാൽ തെന്നി അപകടങ്ങൾ ഉണ്ടാകും.

'അപകടസമയത്ത് ശ്രദ്ധയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയുന്നതിന് അഗ്നി രക്ഷാ സേനയെ സമീപിക്കാം'