taxi

മുട്ടം: മുട്ടം ടാക്സി സ്റ്റാന്റിലെ ഓട്ടോ - ടാക്സി തൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന വിശ്രമ കേന്ദ്രം യാഥാർഥ്യമാകുന്നു. ഇന്നലെ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ അടുത്ത ദിവസം പൂർത്തീകരിക്കും. സ്റ്റാന്റിലെ ഓട്ടോ -ടാക്സി തൊഴിലാളികൾ ശക്തമായ മഴയത്തും വെയിലത്തും സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് വിശ്രമ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങുകയായിരുന്നു.ടാക്സി സ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കാൻ ടാറിംഗ് ഇളകിയ ഭാഗത്ത് ടൈൽസ് വിരിക്കാനുളള നടപടികൾ പൂർത്തിയായതായും അടുത്ത ദിവസം തന്നെ ഇതിന്റെ പണികൾ ആരംഭിക്കുമെന്നും പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ പറഞ്ഞു. സ്റ്റാന്റിലെ ടാറിംഗും മിറ്റലും ഇളകിയതിനെ തുടർന്ന് മഴപെയ്താൽ വെളളക്കെട്ടും ചെളിയും നിറയുന്ന അവസ്ഥായായിരുന്നു. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുളള ബസുകൾ നിർത്തുന്നത് സ്റ്റാന്റിലായതിനാൽ വെളളക്കെട്ടും ചെളിയും യാത്രക്കാരേയും ബസ് ജീവനക്കാരേയും ഏറെ കഷ്ടത്തിലാക്കിയിരുന്നു. പ്രശ്ന പരിഹാരത്തിന് ഓട്ടോ -ടാക്സി തൊഴിലാളികൾ സംഘടിച്ച് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നു. ഇതേ തുടർന്ന് ടൈൽസ് വിരിക്കാൻ പഞ്ചായത്ത് ഭരണ സമിതി 4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.