അടിമാലി: ബീഡി കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് വർക്ക് ഷോപ്പെന്ന് കരുതി പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെന്ന് കയറിയത് എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുട്ടികളുടെ പക്കൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തു.അടിമാലിയിലായിരുന്നു സംഭവം നടന്നത്.
തൃശൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട കുട്ടികളായിരുന്നു ബീഡി കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ എത്തിയത്.
യാത്രാ മധ്യേ അടിമാലി ടൗണിലെ ഹോട്ടലിൽ വിനോദ സഞ്ചാര സംഘം ഭക്ഷണം കഴിക്കുവാനായി വാഹനം നിർത്തി. ഈ ഹോട്ടലിന് സമീപമാണ് നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഓഫീസ് ഉള്ളത്.ഓഫീസിന്റെ പിറകുഭാഗത്ത് വിവിധ കേസുകളിലായി പിടികൂടിയിട്ടുള്ള തൊണ്ടിമുതലായ വാഹനങ്ങൾ കിടപ്പുണ്ട്.വർക്ക്‌ഷോപ്പാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കുട്ടികൾ ഓഫീസിന്റെ പിറകുഭാഗത്തു കൂടി കയറി ഉള്ളിലെത്തി തീപ്പെട്ടി ആവശ്യപ്പെട്ടു.യൂണിഫോമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ട് കുട്ടികൾ ഉടൻ ഓഫീസിന് പുറത്തേക്ക് കടന്നു.തുടർന്ന് ഒരാളെ പരിശോധിച്ചതിൽ നിന്നും 5 ഗ്രാം കഞ്ചാവ് കണ്ടെത്തിനാർക്കോട്ടിക് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും ഹോട്ടലിലെത്തി അധ്യാപകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ പിന്നീട് നടത്തിയ പരിശോധനയിൽ ഒരു ഗ്രാം ഹാഷിഷ് ഓയിലും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പറും കണ്ടെത്തി.കുട്ടികളെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കിയാണ് എക്സൈസ് തിരിച്ചയച്ചത്.