നെടുങ്കണ്ടം: റവന്യൂ ജില്ലാ കായികമേളയിൽ രണ്ട് ദിനം പിന്നിടുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കട്ടപ്പനയുടെ മിന്നും താരങ്ങൾ. 62 ഇനങ്ങൾ പിന്നിടുമ്പോൾ 284 പോയിന്റുമായി മറ്റ് വിദ്യാഭ്യാസ ഉപജില്ലകളെ പിന്നിലാക്കി കട്ടപ്പന കുതിപ്പ് തുടരുകയാണ്. 28 സ്വർണ്ണവും 34 വെള്ളിയും 16 വെങ്കലവുമാണ് മേളയിലെ കട്ടപ്പന ഉപജില്ല ഇതുവരെ നേടിയത്.
അടിമലി ഉപജില്ല തന്നെയാണ് രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോഴും രണ്ടാം സ്ഥാനത്ത്. ഇവർക്ക് 20 സ്വർണ്ണവും 15 വെള്ളിയും 12 വെങ്കലവുമടക്കം 176 പോയിന്റുകളാണുള്ളത്. 78 പോയിന്റുമായി നെടുങ്കണ്ടം ഉപജില്ല മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമാണ് ആതിഥേയരായ നെടുങ്കണ്ടത്തിനുള്ളത്.
ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമടക്കം 54 പോയിന്റുമായി പീരുമേട് നാലാം സ്ഥാനത്തും, നാല് സ്വർണ്ണവും മൂന്ന് വെള്ളിയും 15 വെങ്കലുവും നേടി 45 പോയിന്റുമായി തൊടുപുഴ അഞ്ചാമതുമാണ്. രണ്ട് സ്വർണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കി 11 പോയിന്റുമായി മൂന്നാർ ആറാമതും ഓരോന്ന് വീതം സ്വർണ്ണവും വെള്ളിയും വെങ്കലവുമായി ഒൻപത് പോയിന്റോടെ അറക്കുളം ഏഴാ സ്ഥാനത്തുമാണ്.
സ്‌കൂളുകളുടെ വിഭാഗത്തിലും കട്ടപ്പനയിലെ വിദ്യാലയങ്ങൾ തന്നെയാണ് ആധിപത്യം തുടരുന്നത്. 82 പോയിന്റുമായി കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂളാണ് ഒന്നാമത്. ഇവർക്ക് 10 സ്വർണ്ണവും 10 വെള്ളിയും രണ്ട് വെങ്കലവുമാണുള്ളത്. അറ് സ്വർണ്ണവും 14 വെള്ളിയും നാല് വെങ്കലവുമായി 76 പോയിന്റോടെ ഇരട്ടയാർ സെയ്ന്റ് തോമസ് എച്ച്.എസ്.എസ്.ആണ് തൊട്ടു പിന്നാലെ. ആറ് സ്വർണവും അഞ്ച് വെള്ളിയും ഒൻപത് വെങ്കലവുമടക്കം 54 പോയിന്റ് നേടി അടിമാലി ഉപജില്ലയിലെ എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസാണ് മുന്നാമത്.
ഇന്ന് സമാപനം
ഇന്ന് വൈകിട്ട് ഇക്കൊല്ലത്തെ റവന്യൂ ജില്ലാ കായികമേള സമാപിക്കും. ഇനി 36 ഇനങ്ങളിലാണ് മസ്തരങ്ങൾ നടക്കാനിരിക്കുന്നത്. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.