
തൊടുപുഴ: വിരലിൽ വളയം കുടുങ്ങിയ കുട്ടിക്കും മോതിരം കുടുങ്ങിയ വൃദ്ധനും രക്ഷകരായി അഗ്നിരക്ഷാസേന. പുള്ളിക്കാനം എസ്റ്റേറ്റിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന ദമ്പതികളുടെ മകളായ മൂന്നുവയസ്സുകാരിയായ റബ്ബിയയുടെ വിരലിലാണ് കളിപ്പാട്ടത്തിന്റെ ഭാഗമായ ഇരുമ്പിന്റെ വളയം കുടുങ്ങിയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ കൈയിൽ വളയം കുടുങ്ങുകയായിരുന്നു. സെന്റ് തോമസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥിയാണ് കുട്ടി. അവിടുത്തെ അദ്ധ്യാപികയാണ് കുട്ടിയെ അഗ്നിരക്ഷാ നിലയത്തിലെത്തിച്ചത്. സേനാംഗങ്ങൾ ഉടൻ തന്നെ ചെറിയ കട്ടർ ഉപയോഗിച്ച് വിരലുകൾക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി ഇരുമ്പുവളയം മുറിച്ചു മാറ്റുകയായിരുന്നു.
ലൂണാർ കമ്പനിയിലെ വിരമിച്ച ജീവനക്കാരനായ മടക്കത്താനം സ്വദേശി ഷാജുമോന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. അത് മുറിച്ചുമാറ്റാൻ കഴിയാതെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ചെറിയ കട്ടർ ഉപയോഗിച്ച് ജീവനക്കാർ മോതിരം മുറിച്ചുമാറ്റുകയായിരുന്നു.