
തൊടുപുഴ: പെരുമ്പിള്ളിച്ചിറ കല്ലുമാരിയിൽ കുഴിയിൽ അകപ്പെട്ട പശുവിനെ തൊടുപുഴ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആലക്കാത്തടത്തിൽ ബെന്നിയുടെ പശുവാണ് സമീപവാസിയുടെ വീടിനോട് ചേർന്ന് നിർമ്മാണം നടന്നുകൊണ്ടിരുന്ന സെപ്ടിക് ടാങ്കിന്റെ കുഴിയിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ സേന സ്ഥലത്തെത്തി. എട്ട് അടി താഴ്ചയുള്ള കുഴിയിൽ കരിങ്കല്ലുകള്ളുള്ളതിനാൽ പശുവിന്റെ കാലുകളും അതിൽ ഉടക്കിയ നിലയിലായിരുന്നു. കുഴിയിൽ ഇറങ്ങി റെസ്ക്യൂ ബെൽറ്റ് ഘടിപ്പിച്ച് ജെ.സി.ബി ഉപയോഗിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. കരിങ്കല്ലിലേക്ക് വീണതിനാൽ പശുവിന് ചെറിയ രീതിയിൽ പരിക്കുകൾ പറ്റിയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, സജീവ് പി.ജി, ഉബാസ് കെ.എ, ജെയിംസ് പുന്നൻ ഹോം ഗാർഡ് ബെന്നി, എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.