karthika

നെടുങ്കണ്ടം: പങ്കെടുത്തവ മൂന്ന് ഇനങ്ങൾ,​ അതിലെല്ലാം സ്വർണ്ണം നേടി മിന്നുന്ന വിജയവുമായി കാർത്തിക താരമായി. സീനിയർ വിഭാഗം 3000 മീ,1500 മീ, ക്രോസ് കൺട്രി എന്നീ മൂന്ന് ഇനങ്ങളിലാണ് ഈ മിടുക്കി സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസിലെ വിദ്യാർത്ഥിയാണ് കാർത്തിക അഭിലാഷ്. ചെറുപ്പം മുതൽ സ്പോർട്സിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന കാർത്തികയ്ക്കൊപ്പം എന്നും നിഴലായി കർഷകനായ പിതാവ് മുത്തിങ്കൽ എം.എം. അഭിലാഷ് ഒപ്പമുണ്ട്. ആ പരിശ്രമവും ഇഷ്ടവും വെറുതെയായില്ല എന്നതിന്റെ തെളിവുകളാണ് ഈ മെഡൽ നേട്ടം. ദീപയാണ് അമ്മ. സഹോദരൻ: ശ്രാവൺ അഭിലാഷ്. സുനിലാണ് കാർത്തികയുടെ പരിശീലകൻ.