cpi

 മൂന്നാർ, ചിന്നക്കനാൽ, വട്ടവട, മറയൂർ,​ കാന്തല്ലൂർ വില്ലേജ് ഓഫീസുകൾ ഉപരോധിച്ചു

മൂന്നാർ: മൂന്നാർ: ഭൂപ്രശ്നത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടി ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെ സമരവുമായി സി.പി.ഐ രംഗത്ത്. സി.പി.ഐ മൂന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ മേഖലയിലെ അഞ്ച് വില്ലേജ് ഓഫീസുകൾ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് 5വരെ മൂന്നാർ, ചിന്നക്കനാൽ, വട്ടവട, മറയൂർ,​ കാന്തല്ലൂർ എന്നീ ഓഫീസുകളാണ് ഉപരോധിച്ചത്. മൂന്നാർ പ്രദേശത്തെ പട്ടയ പ്രശ്നം, അഞ്ചു നാട് മേഖലയിലെ റീസർവേ, വട്ടവടയിലെ കുറിഞ്ഞിമല സങ്കേതം എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. മേഖലയിലെ ഭൂമി പ്രശ്നങ്ങൾ നിരന്തരമായി വകുപ്പ് മന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ഭൂപ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുവെന്ന് ഇടുക്കിയിലെത്തിയ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.ഐ പ്രദേശിക നേതൃത്വം തന്നെ രംഗത്തെത്തുന്നത്. ഭൂപ്രശ്നത്തിൽ റവന്യൂ വകുപ്പിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് സി.പി.ഐ രംഗപ്രവേശം ചെയ്യുന്നത് ഇടതുപക്ഷത്തിനും വെല്ലുവിളിയായിട്ടുണ്ട്.

നവംബർ ഒന്നിന്

മാർച്ചും ധർണയും

തുടർസമരമായി നവംബർ ഒന്നിന് ദേവികുളം സബ് കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്യും.

സമരം നേതൃത്വത്തിന്റെ

അറിവോടെ

ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെയാണ് സ്വന്തം വകുപ്പിനെതിരെ പാർട്ടി സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുന്നത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ചുമതലക്കാരനും കത്ത് മുഖേന അറിയിപ്പ് നൽകിയിരുന്നു. വിഷയം നിരവധി തവണ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവരോട് നേരിട്ട് അഭ്യർത്ഥിച്ചു. പല തവണ പാർട്ടിയിലും സർക്കാരിലും ഉന്നയിച്ച് ചർച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ പാർട്ടിയുടെ പ്രാദേശിക ഘടകം തീരുമാനിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിലും സമരം അവർക്കെതിരെ മാത്രമെന്ന് പറയാനാകില്ല. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദ്യോഗസ്ഥർ സർക്കാർ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സർക്കാരിനെതിരെ തന്നെയാണ് സമരം ചെയ്യുന്നതെന്നാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വൈ. ഔസേഫ് പറയുന്നത്.

പ്രധാന ആവശ്യങ്ങൾ

 സിങ്കുകണ്ടം, സാൻഡോസ് കോളനി, ചിന്നക്കനാൽ, വേണാട്, വാഗുവര കോളനി, മുത്തമ്മച്ചോല തുടങ്ങിയ പ്രദേശങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന തൊഴിലാളികൾക്ക് പട്ടയം നൽകിയിട്ടില്ല

 കോളനികൾക്ക് പട്ടയം നൽകണമെന്ന സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല

 വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലായി കുറിഞ്ഞിമല സങ്കേതത്തിനായി 2006ൽ കണ്ടെത്തിയ വട്ടവട വില്ലേജിലെ ഭൂമി അളന്ന് തിരിച്ചിട്ടില്ല. ഉദ്യാനത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഉൾപ്പെടുന്ന കർഷകരുടെ പട്ടയഭൂമിയും കൈവശഭൂമിയും ഒഴിവാക്കണം.

 അഞ്ചുനാട് വില്ലേജിലെ റിസർവേ നടപടി പൂർത്തീകരിച്ച് കൈവശ ഭൂമിക്ക് പട്ടയം നൽകണം

 മൂന്നാറിലെ വ്യാപാരികൾ കാലങ്ങളായി കൈവശം വച്ചിരിക്കുന്ന വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും പട്ടയം നൽകണം

 കൈവശ ഭൂമിയിലെ ഗ്രാൻഡിസ്, യൂക്കാലി മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകണം