hobomana

വണ്ണപ്പുറം: കനത്ത മഴയെതുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേൽ ദിവാകരന്റെ ഭാര്യ ഓമനയാണ് (65) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് വണ്ണപ്പുറത്തിനടുത്ത് കോട്ടപ്പാറയിലായിരുന്നു അപകടം. ഓമനയും ഭർത്താവ് ദിവാകരനും കോട്ടപ്പാറയ്ക്കടുത്ത് പടിക്കകത്തുള്ള തങ്ങളുടെ പുരയിടത്തിൽ കൃഷിപ്പണിയ്ക്ക് ശേഷം തിരികെ വരികയായിരുന്നു. ഇതിനിടെ കൂവപ്പുറത്തിന് മുകളിലായുള്ള ചപ്പാത്ത് മുറിച്ചുകടക്കുന്നതിനിടെ ഇരുവരും മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. രണ്ടുപേരും ഒഴുക്കിൽ പെട്ടെങ്കിലും ദിവാകരൻ പരിക്കുകളോടെ രക്ഷപെട്ടു. രക്ഷപ്പെട്ടെത്തിയ ദിവാകരൻ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് 200 മീറ്ററോളം താഴെ നിന്ന് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. വണ്ണപ്പുറം, തൊടുപുഴ മേഖലയിൽ ഇന്നലെ വൈകിട്ട് നാലിന് ആരംഭിച്ച കനത്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നു.