നെടുങ്കണ്ടം: ഹൈറേഞ്ചിന്റെ കരുത്ത് വീണ്ടും ഊട്ടിഉറപ്പിച്ച് കട്ടപ്പന ഹാട്രിക്ക് കിരീടം ചൂടി. പതിനേഴാമത് കായിക മാമാങ്കത്തിൽ വീണ്ടും കായിക കരുത്ത് തെളിയിച്ചിരിക്കുകയാണ് കട്ടപ്പനയുടെ ചുണക്കുട്ടികൾ. 42 സ്വർണവും 47 വെള്ളിയും 26 വെങ്കലവും അടക്കം 420 പോയന്റുമായാണ് കട്ടപ്പന കപ്പ് സ്വന്തമാക്കിയത്. 28 സ്വർണവും 25 വെള്ളിയും 25 വെങ്കലവും അടക്കം 267 പോയന്റുമായി അടിമാലി രണ്ടാമതും ആറ് സ്വർണവും 14 വെള്ളിയും 14 വെങ്കലവും അടക്കം 92 പോയന്റുമായി നെടുങ്കണ്ടം മൂന്നാം സ്ഥാനവും നേടി. 127 പോയിന്റ് നേടിയ സി.എച്.എസ്. കാൽവരിമൗണ്ടും 106 പോയന്റ് നേടിയ സെന്റ് തോമസ് എച്.എസ്.എസ്. ഇരട്ടയാറുമാണ് കട്ടപ്പനെ വിജയകുതിപ്പിലേക്ക് നയിച്ചരിൽ പ്രധാനികൾ. 94 പോയന്റ് നേടിയ എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയുടെ ബലത്തിലാണ് അടിമാലി റണ്ണറപ്പായത്.നെടുങ്കണ്ടത്തെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ആദ്യമായി നടന്ന റവന്യൂ ജില്ലാ കായികമേളയുടെ ആദ്യം ദിനം മുതലേ കട്ടപ്പന കരുത്തോടെ മുന്നേറ്റം തുടരുകയായിരുന്നു. തൊട്ട് പിന്നിലുണ്ടായിരുന്ന അടിമാലി ഉപജില്ലയെ മൂന്നാം ദിനവും വ്യക്തമായ ലീഡോഡെ കട്ടപ്പന പിന്നിലാക്കി.

കായിക മേളയുടെ സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എച്ച്.എം. ആസഫലി പട്ടർകടവൻ, എ.ഇ.ഒ.സുരേഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.ജെ.ഫ്രാൻസിസ്, പബ്ലിസിറ്റി കൺവീനർ ബിജു ജോർജ്, നെടുങ്കണ്ടം ഗവ.സ്‌കൂൾ എച്ച്.എം. അല്ലി ചന്ദ്രൻ, ജില്ലഒളിമ്പിക് അസോസിയേഷൻ വൈ. പ്രസിഡന്റ് എം.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി ഇടുക്കി ഡി.സി.ഇ.യും പ്രോഗ്രാം ജനറൽ കൺവീനറുമായ എസ്.ഷാജി വിതരണം ചെയ്തു.

മഴ രസംകെടുത്തി

നടക്കാനിരുന്ന 4x400 മീറ്റർ റിലേ മത്സരങ്ങൾക്ക് മുന്നേ പെയ്ത കനത്ത മഴ രസംകെടുത്തി. ഒന്നര മണിക്കൂറോളം മഴ തകർത്തു പെയ്തു. ശേഷം 4.30-നാണ് മത്സരങ്ങൾ പുനരാരംഭിച്ചത്.