 
രാജാക്കാട്: കനത്ത മഴയിൽ ചെളിക്കുണ്ടായി ജൂബിലി ബൈപാസ് റോഡ്. രാജാക്കാട്- പൊന്മുടി മെയിൻ റോഡിൽ നിന്ന് പഴയ പോസ്റ്റ് ഓഫീസ് പടിക്കലേക്ക് പോകുന്ന ജൂബിലി സ്മാരക റോഡാണ് മാസങ്ങളായി ചെളിക്കുണ്ടായി കിടക്കുന്നത്. രാജാക്കാട് പഞ്ചായത്ത് രൂപീകരിച്ചതിന്റെ അമ്പതാം വർഷത്തിൽ സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിച്ച റോഡാണ് തകർന്നു കിടക്കുന്നത്. ടൗണിലെ ട്രാഫിക് കുരുക്കിൽ പെടാതെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് ഒരു വർഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്തിരുന്നു. നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് അന്ന് പരാതി ഉണ്ടായെങ്കിലും പരിഹാരമുണ്ടായില്ല. നെൽകൃഷി ഇല്ലാത്ത തരിശുപാടത്തിന്റെ സമീപത്ത് കൂടെയാണ് കേവലം ഒന്നര കിലോമീറ്ററിൽ താഴെ ദൂരം വരുന്ന റോഡ് കടന്നുപോകുന്നത്. പല സ്ഥലത്തും കുഴി രൂപപ്പെട്ട് ചെളി വെള്ളം കെട്ടി നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് പോലും യാത്ര പ്രയാസമാണ്. ആവശ്യമായ കലുങ്കുകളും ചപ്പാത്തുകളും നിർമ്മിച്ച് അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.