ഇടുക്കി : ജില്ലാഭരണകൂടവും ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ അദ്ധ്യക്ഷയായി സംഘാടക സമിതി രൂപീകരിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് കൺവീനറായി പ്രവർത്തിക്കും.
ശിശുദിനാഘോഷം കുട്ടികളുടെ മഹാസംഗമമാക്കുന്നതിന് റാലിയിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി നിർദേശിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ വിജയിച്ച കുട്ടികളാണ് ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കുക. റാലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സ്‌കൂളിന് വാഴത്തോപ്പ് ഹൈസ്‌കൂൾ മുൻ പ്രധാന അദ്ധ്യാപക കുമാരി ടീച്ചറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ എററോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. റാലിയുടെ സമാപനസമ്മേളനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും. ജില്ലയിൽ നിന്നും ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെ ആദരിക്കും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യൻ, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ജോസ് കുഴിക്കണ്ടം തുടങ്ങിയവർ പങ്കെടുത്തു.