വണ്ണപ്പുറം: ബുധനാഴ്ച വൈകിട്ട് മണിക്കൂറുകളോളം നിന്ന് പെയ്ത കനത്ത മഴ വണ്ണപ്പുറം പഞ്ചായത്തിനെ നിലംപരിശാക്കി. ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കോട്ടപ്പാറയിൽ വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞിരുന്നു. വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേൽ ദിവാകരന്റെ ഭാര്യ ഓമനയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇതിനു പുറമെ പ്രദേശത്തെ ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാർഷിക വിളകളും വ്യാപകമായി നശിച്ചു. പഞ്ചായത്തിലെ ആറ്, 14 വാർഡുകളിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. 11 വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. സംരക്ഷണ ഭിത്തിയിടിഞ്ഞും മറ്റും മൂന്നു വീടുകൾക്ക് നാശനഷ്ടം നേരിട്ടിട്ടുണ്ട്. തോട് കരകവിഞ്ഞൊഴുകിയാണ് കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടായത്. മുള്ളരിങ്ങാട് ഭാഗത്തും വ്യാപക മഴക്കെടുതിയുണ്ടായി. വണ്ണപ്പുറം ചേലച്ചുവട് ഭാഗത്ത് മംഗലത്തുപറമ്പിൽ സലീമിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വീടിനുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും നശിച്ചു. പരിയാരത്ത് പുത്തൻ പുരയിൽ ഷിയാസിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു വീണു. വണ്ണപ്പുറം- കോട്ടപ്പാറ റോഡരികിൽ നിന്നിരുന്ന വൻ മരം കടപുഴകി റോഡിലേയ്ക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. അർദ്ധരാത്രിയോടെ റോഡ് നിർമാണം നടത്തുന്ന കരാർ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് മരം നീക്കിയത്. നാല് വീടുകൾക്ക് ഭാഗികമായും രണ്ടു വീടുകൾക്ക് വലിയ നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്. എ.ഡി.എം ഷൈജു പി. ജേക്കബ്, തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ, വണ്ണപ്പുറം വില്ലേജ് ഓഫീസർ എൻ.എസ്. ഷാജി, പഞ്ചായത്തംഗങ്ങളായ ഷൈനി സന്തോഷ്, റഷീദ് തോട്ടുങ്കൽ, സുബൈദ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ നാശ നഷ്ടങ്ങൾ വിലയിരുത്തി. നാശനഷ്ടങ്ങളെ സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യൂ, പഞ്ചായത്ത്, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഡി.എം പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ഓമന ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലവെള്ളപ്പാച്ചിലിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി

കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേൽ ദിവാകരന്റെ ഭാര്യ ഓമനയുടെ (65) സംസ്‌കാരം ഇന്നലെ നടത്തി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു. ഒട്ടേറെ പേർ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് വണ്ണപ്പുറത്തിന് സമീപം കോട്ടപ്പാറയിൽ ഓമനയും ഭർത്താവ് ദിവാകരനും അപകടത്തിൽപ്പെട്ടത്. കോട്ടപ്പാറയ്ക്കടുത്ത് പടിക്കകത്തുള്ള തങ്ങളുടെ പുരയിടത്തിൽ കൃഷിപ്പണിയ്ക്ക് ശേഷം തിരികെ വരികയായിരുന്നു. ഇതിനിടെ കൂവപ്പുറത്തിന് മുകളിലായുള്ള ചപ്പാത്ത് മുറിച്ചുകടക്കുന്നതിനിടെ ഇരുവരും മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. ഭാര്യയെ രക്ഷപെടുത്തി കര കയറ്റിയെങ്കിലും ദിവാകരൻ ഒഴുക്കിൽപ്പെട്ടു. എന്നാൽ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഓമന വീണ്ടും വെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. പിന്നീട് ദിവാകരൻ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. 200 മീറ്റർ താഴെ നിന്നാണ് തെരച്ചിലിനൊടുവിൽ ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. മനു, സിനി, ലിജി എന്നിവരാണ് മക്കൾ.

തൊടുപുഴയിൽ പെയ്തത് അതിശക്തമായ മഴ
ജില്ലയിൽ തൊടുപുഴ താലൂക്കിലാണ് ഇന്നലെ അതിശക്തമായ മഴ ലഭിച്ചത്. 61.8 മില്ലീമീറ്റർ മഴയാണ് ഇന്നലെ തൊടുപുഴ താലൂക്കിൽ ലഭിച്ചത്. ഇടുക്കി- 35.2, പീരുമേട്- 36, ഉടുമ്പൻചോല- 29, ദേവികുളം- 21 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ ലഭിച്ച മഴയുടെ കണക്ക്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.