pj

തൊടുപുഴ: വിദ്യാർത്ഥികൾ സമൂഹത്തിൽ കൂടുതൽ പ്രതിബദ്ധതയുള്ളവരാകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. 60 -ാമത് കെ.എസ്.സി ജന്മദിന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവർ സമൂഹത്തെ മറക്കുന്നവരാകരുത്. ലോകോത്തര നിലവാരമുള്ള തൊഴിൽ പ്രാവീണ്യ കോഴ്സുകൾ കേരളത്തിലെ സർവ്വകലാശാലകൾ ആരംഭിക്കേണ്ടതുണ്ട്. വിദേശ രാജ്യ വിദ്യാർത്ഥികളെ ആകർഷിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാൻ നമ്മുടെ സർവ്വകലാശാലകൾക്ക് കഴിയും. ഇതിനായി വിദ്യാഭ്യാസ നയ രൂപീകരണത്തിന് സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന്മദിന കേക്ക് മുറിച്ച് ഒരു വർഷക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി അഡ്വ. പി.സി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനും മുൻമന്ത്രിയുമായ അഡ്വ മോൻസ് ജോസഫ് എം.എൽ.എ ജന്മദിന സന്ദേശം നൽകി. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി, മുൻ എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ, പ്രൊഫ. എം.ജെ. ജേക്കബ്, പ്രൊഫ. ഷീല സ്റ്റീഫൻ, അപു ജോൺ ജോസഫ്, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.