
തൊടുപുഴ : ന്യൂമാൻ കോളേജ് എൻ. സി സി യുടെ നേതൃത്വത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നടത്തുന്ന വിവിധ സാമൂഹിക സേവന പദ്ധതികളെ ഒരു കുടക്കീഴിലാക്കി ആവിഷ്കരിച്ച റൊട്ടി- കപ്പട- മക്കാന പദ്ധതി ശ്രദ്ധേയമായി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം,വസ്ത്രം, പാർപ്പിടം എന്നിവ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹത്തിന് ബോധവൽക്കരണം നൽകുകയും അത് അർഹരായവർക്ക് അവ എത്തിച്ചുകൊടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.2013 ൽ 'വിശപ്പിനെതിരെ പോരാടുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഷെയർ എ ബ്രഡ് ' പദ്ധതിക്ക് ദേശീയതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭവനരഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോം ഫോർ ഹോംലെസ്സ് പദ്ധതി വഴി ഇതിനോടകം മൂന്ന് വീടുകളാണ് നിർമ്മിച്ച് നൽകിയത്.
നിർധനർക്ക് വസ്ത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിൽ പുതുതായി ആരംഭിച്ച ഷെയർ എ ക്ലോത്ത് പദ്ധതിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ബിജു പീറ്റർ നിർവഹിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വസ്ത്രം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ക്ലോത്ത് ബാങ്കിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുക എന്നതാണ് ഷെയർ എ ക്ലോത്ത് പദ്ധതി ലക്ഷ്യമിടുന്നത്. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, സീനിയർ അണ്ടർ ഓഫീസർ ആദർശ് എസ്, അണ്ടർ ഓഫീസർമാരായ സാരംഗ് ഷാജി, രാധിക എം ആർ, അഖിൽ കുമാർ ബി,അഷ്‌ബിൻ തോമസ്, ആഷിത മുരുകൻ, അനശ്വര രവി,ആഷിക് അഹമ്മദ്, സെവിൻ വിനോദ്, അലൻ രാജൻ, ചേതന ശ്രീപാർവ്വതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.