തൊടുപുഴ : തൊടുപുഴ നിയോജകമണ്ഡലത്തിലെ പലവികസന പദ്ധതികളും പാതിവഴിയിൽ മുടങ്ങുന്നതോ മുടക്കുന്നതോ.... ബോധപൂർവ്വം മുടക്കുന്നതാണെന്ന വാദം അടിവരയിടുന്നതാണ് പല പദ്ധതികളോടും സർക്കാർ തലത്തിലെ സമീപനം. ഒന്നല്ല, രണ്ടല്ല രണ്ട് ഡസനോളം പദ്ധതികളാണ് ഇങ്ങനെ പൂർത്തീകരണം നടക്കാതെവന്നിരിക്കുന്നത്. പി. ജെ. ജോസഫ് എം. എൽ. എ മുൻകൈ എടുത്ത് നടപ്പിൽവരുത്തുന്ന പല പദ്ധതികളും തകർക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ അനുവർത്തിക്കുന്നതെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്. നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം മനപ്പൂർവം തടഞ്ഞിരിക്കുകയാണ്. അപ്പ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ട് രണ്ട് വർഷം പിന്നിട്ടു. അപ്പ്രോച്ച് റോഡിന്റെ മാരിയിൽ കലുങ്ക് ഭാഗം 1.80 കോടി രൂപ പി ജെ ജോസഫിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് നൽകി നിർമ്മാണം ഏതാണ്ട് പൂർത്തിയാക്കി. ഇനി ടാറിങ് മാത്രമേ ബാക്കിയുള്ളൂ. എന്നാൽ കാഞ്ഞിരമറ്റം ഭാഗത്തെ റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാത്തതിനാൽ ആ ഭാഗം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം പി ജെ ജോസഫ് മന്ത്രിയായിരിക്കെ അനുമതി നൽകിയ കാരിക്കോട് ചുങ്കം ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികളും വെച്ച് താമസിപ്പിക്കുകയാണ്.
108 കോടിയുടെ
പദ്ധതിയും മുടക്കി
മലങ്കര ടൂറിസം വികസനത്തിന് തയ്യാറാക്കി സമർപ്പിച്ച 108 കോടി രൂപയുടെ വൻ പദ്ധതി സംസ്ഥാന സർക്കാർ തടഞ്ഞ് വെച്ചിരിക്കുകയാണ്. കേന്ദ്രഗവ. രണ്ട് പദ്ധതികൾക്ക് അനുമതി നൽകുന്നതിന് നടപടിക്രമങ്ങൾ നടത്തിയതിൽ ഒന്ന് മലങ്കര ടൂറിസം പദ്ധതിയായിരുന്നു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രൊജക്ട് റിപ്പോർട്ട് കൈമാറിയെങ്കിലും അദ്ദേഹം ഒരു നടപടിയും എടുത്തില്ല. പിന്നീട് വന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. ഒപ്പം അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലെ മറ്റൊരു പദ്ധതികൂടി സമർപ്പക്കുകയായിരുന്നു. സംസ്ഥാന സർക്കാിന്റെ രണ്ട് പദ്ധതികൾ പരിഗണനയ്ക്ക് വന്നതാണ് ഇപ്പോൾ ആർക്കും അനുമതി ലഭിക്കാതെ വരുന്നതിന് ഇടവരുത്തിയത്.
= 28 കോടി രൂപ മുതൽ മുടക്കി ഉമ്മൻ ചാണ്ടി സർക്കാർ ഭരണാനുമതി നൽകിയ മുണ്ടേക്കല്ല് സിവിൽ സ്റ്റേഷൻ അനക്സിന്റെ നിർമ്മണം ടെൻഡർ =ചെയ്‌തെങ്കിലും സാങ്കേതികത്വം പറഞ്ഞ് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
=ഉടുമ്പന്നൂർ പാറമട റോഡ്, കുരുതിക്കളം വണ്ണപ്പുറം ചേലച്ചുവട് റോഡ്, തൊടുപുഴ ആനക്കയം റോഡ്, മുതലക്കോടം ബൈപ്പാസ്, മുട്ടം ബൈപ്പാസ് എന്നിവയിൽ നടപടിയായില്ല.
=കെ.എസ്ആർ.ടി.സി ജംഗ്ഷൻ വികസനത്തിനുള്ള പണം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഭരണാനുമതി നൽകുന്നില്ല
=തൊടുപുഴയുടെ ചിരകാല സ്വപ്നമായ സ്റ്റേഡിയം നിർമ്മാണത്തിന് ഭരണാനുമതി ഉണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് നടപടികൾ തടഞ്ഞിരിക്കുകയാണ്.
=തൊടുപുഴയിൽ വൈദ്യുതി മുടക്കം ഇല്ലാതാകുന്ന 440 കെ വി സബ് സ്റ്റേഷൻ നിർമ്മാണം തടസ്സപ്പെട്ടു.