തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾ നരകയാതനയിൽ
പീരുമേട്:കാലമേറെ കടന്നിട്ടും തോട്ടം മേഖലയിലെ തൊഴിലാളി സ്ത്രീകളുടെ ദുരിതങ്ങൾ തീരുന്നില്ല. കൊളുന്ത് നുള്ളുന്ന ഇവരുടെ ദുരിതങ്ങളും നൊമ്പരങ്ങളും ഉള്ളിൽ കനലായി തന്നെ കിടക്കുകയാണ്. ഇവരുടെ വിഷമതകൾ നേരിൽകണ്ടറിയാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. സതീദേവിയും കമ്മിഷൻഅംഗങ്ങളും വണ്ടിപ്പെരിയാറിലെ തൊഴിലാളികളുടെ ലയങ്ങളിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തങ്ങളുടെ ദുരിതങ്ങൾ സ്ത്രീതൊഴിലാളികൾ കമ്മിഷൻ മുമ്പിൽ ഇറക്കി വച്ചു.ലയങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ഞെരുങ്ങിക്കഴിയുന്ന സ്ത്രീകളുടെ ദയനീയ മുഖം കണ്ട് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ അംഗങ്ങളും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.രാവിലെ 8 മുതൽ വൈകിട്ട് അഞ്ചു മണി വരെ തൊഴിലെടുക്കണം. ഏറ്റവും കുറഞ്ഞ ശമ്പളം കിട്ടുന്നത് തോട്ടം മേഖലയിലാണ്. ഈ ശമ്പളം ആകട്ടെ പൂർണ്ണമായും ഇവരുടെ കൈകളിൽ കിട്ടുന്നില്ല.
കുട്ടികളെ പഠിപ്പിക്കുവാൻപെടാപാട് പെടുന്നു. ജീവിതം തന്നെ ബുദ്ധിമുട്ടിലായി.അര നൂറ്റാണ്ടിലധികം പഴക്കമുള്ള ചോർന്ന് ഒലിക്കുന്നതും നിന്ന് തിരിയാൻ സൗകര്യങ്ങളില്ലാത്തതുമായ ചെറിയ ഒരു കിടപ്പ് മുറിയും അടുക്കളയുമുള്ള ലയങ്ങളിലാണ് ഈ തോട്ടം തൊഴിലാളി സ്ത്രീകൾ താമസിക്കുന്നത്. വീട്ടിൽ നിന്നും അകലത്തിലുള്ള ശുചി മുറി, പല തോട്ടങ്ങളിലും കുടിവെള്ളദൗർലഭ്യം രൂക്ഷം. ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ല, മുൻപ് മെച്ചപെട്ട ചികിത്സാ സൗകര്യങ്ങൾ തോട്ടം മേഖലയിൽ ലഭിച്ചിരുന്നു. ഇപ്പോൾ ആശുപത്രിയില്ല. ഡോക്ടർമാരില്ല. ചികിത്സാ സൗകര്യങ്ങൾ ഇല്ലാതായി. സ്ത്രീ തൊഴിലാളികൾക്ക് അദ്ധ്വാന ഭാരം വർദ്ധിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി തോട്ടം മേഖലയിലെ പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ അവസ്ഥയാണിത്. പീരുമേട് തോട്ടം മേഖലയിൽ കൂടുതൽ പ്രതിസന്ധി ഉള്ള തോട്ടങ്ങളും പ്രതിസന്ധി കുറവുള്ള തോട്ടങ്ങളുമുണ്ട്.പോബ്സ് ഗ്രൂപ്പ്, ബദേൽപ്പാന്റേഷൻസ്, തുടങ്ങി വലിയ പ്രതിസന്ധി ഉള്ള തോട്ടങ്ങളും,.
എ വി റ്റി ഗ്രൂപ്പ്,ഹാരിസൺ മലയാളം പ്ലാന്റേഷൻസ്, എ വി ജി,ചെറുകിട തോട്ടങ്ങൾ തുടങ്ങിയ പ്രതിസന്ധികുറവുള്ള തോട്ടങ്ങളാണ്.സ്ത്രീ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും ഇവരുടെ ജീവിതം ഒരുപോലെയാണ്.
പുരുഷൻമാർ ജോലിചെയ്യുന്നുവെങ്കിലും പരമ്പരാഗതമായി സ്ത്രീ തൊഴിലാളികളുടെ ചുമലിലാണ് കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകളും ബാങ്ക് വായ്പ, കുടുംബശ്രീ വായ്പകൾ തുടങ്ങി സാമ്പത്തിക ബാദ്ധ്യതകൾഒക്കെത്തന്നെയും.ഓരോ ആഴ്ചകളിലും കൃത്യമായി ശമ്പളം കിട്ടാതെ വന്നാൽ സ്ത്രീ തൊഴിലാളികളുടെ ടെൻഷൻ ഇരട്ടിയാകും. ഈ പ്രതിസന്ധി പരിഹരിക്കാൻ പലരും നെട്ടോട്ടം ഓടും.
പരാതി പറഞ്ഞാൽ
പ്രതികാരം
തോട്ടംമാനേജ്‌മെന്റിനോട് ദുരിതം പറഞ്ഞാൽ വീണ്ടും അദ്ധ്വാനഭാരം കൂടും. ഇതാണ് തോട്ടം മേഖലയിലെ തൊഴി ലാളിസ്ത്രികളുടെ വെല്ലുവിളികളും, ജീവിത സാഹചര്യങ്ങളും. നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുന്നതിനാണ് വനിതാ കമ്മിഷൻ ചെയർ പേഴ്സണും അംഗങ്ങളും ലയങ്ങളിൽ സന്ദർശനം നടത്തിയത്.
തൊഴിലാളികൾക്കിടയിൽ ലഹരിയുടെ വർദ്ധിച്ചു വരുന്ന ഉപയോഗം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മക്കൾക്കാവശ്യമായ സംരക്ഷണം ലഭിക്കാത്തത്, തോട്ടങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ വിനോദ ഉപാധികൾ, ക്രഷുകൾ പ്രവർത്തിക്കാത്തവ, തുടങ്ങിയ വിഷയങ്ങൾ സ്ത്രീ തൊഴിലാളികളും യൂണിയൻ പ്രതിനിധികളും,കമ്മിഷൻ മുമ്പിൽ അവതരിപ്പിച്ചു.ചെയർ പേഴ്സനെ കൂടാതെ കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, ഇന്ദിരാ രവീന്ദ്രൻ,അഡ്വ. പി കുഞ്ഞായിഷാ മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ , പ്രോഗ്രാം ഓഫീസർ എൻ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
'തോട്ടം മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതവുംചൂഷണങ്ങളും,പരിഹാരമാർഗങ്ങളും സംബന്ധിച്ച് രണ്ടു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.'
പി. സതീദേവി
വനിതാ കമ്മീഷൻചെയർ പേഴ്സൻ