pic

കട്ടപ്പന :നാല് ഡോക്ടർമാരുടെ തസ്തികയാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്.നിലവിൽ രണ്ട് ഡോക്ടർ മാത്രമാണ് സേവനം ചെയ്യുന്നത്. മറ്റു രണ്ടു ഡോക്ടർമാർ സ്ഥലം മാറിപ്പോയതിനു ശേഷം പുതിയ നിയമനം ഇവിടെ നടന്നിട്ടില്ല.മൂന്നാമത് ഒരു ഡോക്ടറുടെ താൽക്കാലിക സേവനം പഞ്ചായത്ത് വൈകുന്നേരം ഒരുക്കിയിട്ടുണ്ട്.ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യമുന്നയിച്ച് ആരോഗ്യ വകുപ്പ് മുമ്പാകെ പഞ്ചായത്ത് അധികൃതർ അടക്കം നിവേദനം നൽകിയെങ്കിലും നടപടി വൈകുകയാണ്. ആശുപത്രിയിൽ കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി രാത്രി സമയങ്ങളിലും ഇവിടെ സേവനം ലഭിക്കുന്നില്ല.നിരവധി പേരാണ് ഈ വിഷയം ഉയർത്തി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തോട്ടം ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന കുടുംബാരോഗ്യ കേന്ദ്രമാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം.ദിവസം നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.ഇവിടെ കിടത്തി ചികിത്സ അടക്കം നിലച്ചതോടെ വലിയ പ്രതിസന്ധിയാണ് ആളുകൾ അഭിമുഖീകരിക്കുന്നത്.വർഷങ്ങൾക്ക് മുൻപ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് പി.എച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി സർക്കാർ ഉയർത്തിയത്.എന്നാൽ ഇതിനുശേഷം വർഷങ്ങൾ പിന്നിട്ടതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തട്ടുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി ഈ വിഷയത്തിൽ ഉണ്ടാകണമെന്ന ആവശ്യമാണ് ജനപ്രതിനിധികൾ അടക്കം മുന്നോട്ട് വയ്ക്കുന്നത്.