മൂന്നാർ: മൂന്നാർ ടൗണിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വിൽപ്പനശാലകൾ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചു.മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവിൽപ്പനശാലകൾ പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.വ്യാപാരി സംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.വഴിയോര വിൽപ്പനശാലകൾ നീക്കിയില്ലെങ്കിൽ വിനോദ സഞ്ചാര സീസണാരംഭിക്കുന്നതോടെ ഗതാഗത കുരുക്ക് വർദ്ധിക്കുമെന്നും ആക്ഷേപം ഉയർന്നു.ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് മൂന്നാർ ടൗണിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വിൽപ്പനശാലകൾ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചിട്ടുള്ളത്.മൂന്നാർ ഹെഡ് വർക്ക്സ് അണക്കെട്ടിന് സമീപത്തു നിന്നുമാണ് വിൽപ്പനശാലകൾ പൊളിച്ച് നീക്കി തുടങ്ങിയിട്ടുള്ളത്.മൂന്നാർ പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗങ്ങളിലെ വഴിയോര വിൽപ്പനശാലകൾ പൂർണ്ണമായി നീക്കം ചെയ്യുമെന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.വിൽപ്പന ശാലകൾ പൊളിച്ച് നീക്കുന്ന നടപടികളാരംഭിച്ചതോടെ കടയുടമകൾ പ്രതിഷേധവുമായി രംഗത്തു വന്നു.വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി.പ്രതിഷേധക്കാർ ദേശിയപാതയിൽ ഉപരോധം തീർത്തു.പൊലീസ് പിന്നീടിവരെ അറസ്റ്റ് ചെയ്തു നീക്കി.
'ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിന്റെ തീരുമാന പ്രകാരമാണ് വഴിയോരവിൽപ്പന ശാലകൾ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചിട്ടുള്ളതെന്നും ഇതിൽ നിന്ന് പിന്നോക്കം പോകില്ല'
മൂന്നാർ പഞ്ചായത്ത്
സെക്രട്ടറി