ചെറുതോണി: എട്ട് വർഷമായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സർക്കാർ കാർഷികഭൂ പ്രശ്നങ്ങളിൽ കാണിക്കുന്ന വാഗ്ദാനലംഘനങ്ങളിലും വികസനരംഗത്ത് കാണിക്കുന്ന അവഗണനകളിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ഇന്ന് ചെറുതോണിയിൽ പ്രതിഷേധ മാർച്ചും സമര സംഗമ പൊതുസമ്മേളനവും നടക്കും. രാവിലെ 10.30 ന് ചെറുതോണിയിലെ പുതിയ ബസ് സ്റ്റാന്റിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി. പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തുടർന്ന് ടൗണിൽ നടക്കുന്ന സമര സംഗമ പൊതുസമ്മേളനം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻപി.സിതോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ. ഏ , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ചീഫ് കോർഡിനേറ്റർ ടി.യു. കുരുവിള, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എം.പി,തോമസ് ഉണ്ണിയാടൻ, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ പോഷക സംഘടനകളുടെ സംസ്ഥാനപ്രസിഡന്റുമാർ എന്നിവർ പ്രസംഗിക്കും. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ഭൂപതിവ് ബിൽ , ചട്ടങ്ങൾ രൂപീകരിച്ച് യാഥാർത്ഥ്യമാക്കുക, നിർമ്മാണനിരോധനം പിൻവലിക്കുക, പട്ടയ വിതരണം പൂർത്തിയാക്കുക, സി.എച്ച്.ആർ ഭൂമി വിഷയത്തിലുള്ള സർക്കാർ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, വന്യജീവിശല്യം തടയാൻ നടപടികൾ സ്വീകരിക്കുക, നഷ്ടപരിഹാര തുക ഉയർത്തി നൽകുക, വനം വകുപ്പിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ സജീവമായി ഇടപെടുക, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് പണം അനുവദിക്കുക, ഇടുക്കി ആസ്ഥാനവികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക , ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പെൻഷനുകൾ ഉയർത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക, വായ്പകളുടെ പലിശ എഴുതി തള്ളുക, വരൾച്ചാ ദുരിതാശ്വാസ സഹായം നൽകുക, ടൂറിസം മേഖലയെ തകർക്കുവാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക , ഗ്രാമീണറോഡുകൾ ഗതാഗത യോഗ്യമാക്കുക, ജൽ ജീവൻ കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കേരളാ കോൺഗ്രസ് സമരം.