 
തൊടുപുഴ: ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും കെട്ടിട വാടകയുടെ മേൽ 18 ശതമാനം ജി.എസ്.ടി അടയ്ക്കണമെന്ന വിചിത്രനിയമം പിൻവലിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യമുള്ള അവസരത്തിൽ കെട്ടിട വാടക കുറയ്ക്കണം. വാടകയ്ക്ക് പുറമെ ജി.എസ്.ടി.യും ഏർപ്പെടുത്തി ചെറുകിട വ്യവസായ മേഖലയെയും വ്യാപാര മേഖലയെയും തളർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പിന്നാക്ക ജില്ലയായ ഇവിടെ ചെറുകിട വ്യവസായങ്ങളുടെ ലോണുകൾക്ക് കാർഷിക ലോൺ പോലെ ബാങ്ക് പലിശ കുറയ്ക്കാൻ അധികൃതർ തയ്യാറാകണം. ജില്ലാ സമ്മേളനം കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്റണി മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ മുഖ്യാതിഥിയായി. ജില്ലാ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. ടോം ചെറിയാൻ (ജില്ലാ പ്രസിഡന്റ്), മധു കളർ ഗ്രാഫിക്സ് അടിമാലി (ജില്ലാ ജനറൽ സെക്രട്ടറി), ജോർജ്ജ് ഫൈൻ തൊടുപുഴ (ട്രഷറർ), ജോയി ഉദയ നെടുങ്കണ്ടം, അനിൽ ശങ്കർ മൂന്നാർ, പോൾസൺ ജെമിനി തൊടുപുഴ (വൈസ് പ്രസിഡന്റുമാർ), ബിജി കോട്ടയിൽ തൊടുപുഴ, ഷാജി മരിയ നെടുങ്കണ്ടം, ബിജു കാർത്തികേയൻ രാജകുമാരി (സെക്രട്ടറി), ജോയി ഉദയ, അനിൽ ശങ്കർ, മനിൽ തോമസ്, പോൾസൺ ജെമിനി (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ), പാറത്തോട് ആന്റണി ചെറുതോണി, ദിലീപ് ലാൽ രാജാക്കാട്, സിസിൽ സെൻട്രൽ കട്ടപ്പന, മാർട്ടിൻ ഓറിയന്റൽ കുമളി, നിജോ ഹിൽസൺ തടിയംപാട് (സ്ഥിരം ക്ഷണിതാക്കൾ) എന്നിവരെയും തിരഞ്ഞെടുത്തു. ഏലം, കുരുമുളക്, കാപ്പി, തേയില, കൊക്കോ, വാനില എന്നീ കൃഷികൾ വ്യാപകമായുള്ള ജില്ലയെ സ്‌പൈസസ് ജില്ലയായി പ്രഖ്യാപിച്ച് ലോക ടൂറിസം മാപ്പിൽ ഇടം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന ടൂറിസം മന്ത്രിമാർക്ക് കത്തുകൾ അയക്കാനും യോഗം തീരുമാനിച്ചു.