തൊടുപുഴ: ഇന്ത്യയിലെ തേയില തോട്ടം മേഖലയിൽ വിവിധ വികസന ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യൻ ടീ ബോർഡ്. വിവിധ പദ്ധതികളിലായി 50 കോടി രൂപയുടെയെങ്കിലും പ്രയോജനം ജില്ലയ്ക്ക് ലഭിക്കുമെന്ന് ബോർഡ് അംഗങ്ങൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. ടീ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് വിഹിതമാണ് ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ പരമാവധി 100 കോടി രൂപയാണ് ലഭിച്ചിരുന്നത്. ഇത്തവണ ആറിരട്ടിയിൽ കൂടുതലായി അത് വർദ്ധിപ്പിച്ചു. ഇത് അടച്ചുപൂട്ടിയ തോട്ടം തൊഴിലാളികൾ, ചെറുകിട കർഷകർ, ഇടത്തരം ഫാക്ടറി ഉടമകൾ എന്നിവർക്കെല്ലാം സഹായകരമാകും. തോട്ടം മേഖലയിലെ തേയില തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ക്ഷേമ പദ്ധതികൾ, ചെറുകിട തേയില കർഷകർക്കുള്ള വിവിധ സബ്സിഡികൾ, സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങളും കയറ്റിറക്ക് വാഹനങ്ങളും ലഭിക്കുന്ന പദ്ധതി, തേയില കൃഷിക്കുള്ള ധനസഹായം, തേയില തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ചെറുകിട ഇടത്തരം കമ്പനികൾക്കും ഫാക്ടറികൾക്കുമുള്ള പ്രത്യേക ധനസഹായം, കർഷകർക്കും തൊഴിലാളികൾക്കുമുള്ള പരിശീലന പരിപാടികൾ, തേയില ഉത്പന്നങ്ങളുടെ വിപണന പ്രോത്സാഹനം, തേയില കർഷകരുടെ കൂട്ടായ്മയിൽ സ്വയംസഹായ സംഘങ്ങൾ രൂപവത്കരിക്കുന്നതിനുള്ള പ്രത്യേക ധനസഹായം, പട്ടികജാതി- പട്ടികവർഗത്തിൽപ്പെട്ട ചെറുകിട കർഷകർക്കുള്ള പ്രത്യേക ധനസഹായം, ഓർത്തഡോക്സ് ടീ, ഗ്രീൻ ടീ എന്നിവ ഉത്പാദിപ്പിക്കുന്ന തേയില തോട്ടങ്ങൾക്ക് ടീ പ്ലാന്റിങ് തുടങ്ങിയവയാണ് 2026 മാർച്ച് വരെ നടപ്പാക്കുന്ന പദ്ധതികൾ. പദ്ധതികളുടെ മാർഗ രേഖകളും അപേക്ഷാഫോമുകളും പ്രസിദ്ധീകരിച്ചു. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ടീ ബോർഡ് മെമ്പർമാരായ അഡ്വ. ടി.കെ. തുളസീധരൻ പിള്ള,​ ഡി.ഡേവിഡ് എന്നിവർ പങ്കെടുത്തു.

ഗുണം 5248 കർഷകർക്ക്

ടീ ബോർഡിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ 5248 ചെറുകിട കർഷകർക്കും വിവിധ തോട്ടങ്ങളിലെ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും.

കർഷക സംഗമം 29ന്
29ന് രാവിലെ 10ന് വാഗമൺ മാസ്‌കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ ഉദ്യോഗസ്ഥർ പദ്ധതികൾ വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടി നൽകും. യോഗത്തിൽ പങ്കെടുക്കുന്നതിന് https:.//serviceonline.gov.in എന്ന പോർട്ടലിൽ Central എന്ന് സെലക്ട് ചെയ്ത് Tea Board എന്ന് സെർച്ച് ചെയ്ത് അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 04869 296111.