ഇടുക്കി: ജില്ലയിൽ ബാങ്കുകൾ ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികൾ നിറുത്തി വയ്ക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. നവംബർ, ഡിസംബർ മാസങ്ങളിലായി ജപ്തി നടത്തുമെന്ന് കാണിച്ച് നൂറ് കണക്കിനാളുകളുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ ബാങ്കുകൾ സർഫാസി, സഹകരണ നിയമങ്ങളും ഇതര നിയമങ്ങളും അനുസരിച്ചുള്ള നോട്ടീസ് നൽകി കഴിഞ്ഞു. ജപ്തി നടപടികൾ നിറുത്തി വയ്ക്കാനും അധിക പലിശയും പിഴപ്പലിശയും ഫൈനുകളും ഒഴിവാക്കി തിരിച്ചടവിന് പരമാവധി തവണകൾ പുനഃക്രമീകരിച്ച് നൽകിക്കൊണ്ട് കടക്കെണിയിലായവരെ രക്ഷിക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രി, ധനമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ചു. 2018 ലെ പ്രളയം സമ്പൂർണ്ണമായും ജില്ലയിലെ കാർഷികമേഖലയെ തകർത്തെറിഞ്ഞു. വിളത്തകർച്ചയും വിലത്തകർച്ചയും കർഷകരെ സാമ്പത്തിക ദുരിതത്തിലാക്കി. കാർഷികമേഖലയുടെ തകർച്ച ജില്ലയിലെ ചെറുകിട സംരംഭങ്ങൾ, വ്യാപാരമേഖല, ടൂറിസം മേഖല എന്നിവയെ പ്രതിസന്ധിയിലാക്കി. തൊഴിൽമേഖലകൾ തകർന്നടിപ്പോൾ വരുമാനമില്ലാതെ തൊഴിലാളികളും ദുരിതത്തിലായി. വന്യജീവി ആക്രമണം, നിർമ്മാണ നിയന്ത്രണം, ഏലമലക്കാടുകൾ സംബന്ധിച്ച പ്രശ്നങ്ങൾ, ഇടുക്കിയിൽ സർക്കാർ കൊണ്ടുവന്നിട്ടുള്ള മറ്റ് നിയന്ത്രണങ്ങൾ എന്നിവ സമസ്ത ധനാഗമ ക്രയവിക്രയ സംവിധാനങ്ങളെയും തകർത്തു. കഴിഞ്ഞ വേനൽക്കാലത്തെ കൊടും ചൂടിൽ ഏലം ഉൾപ്പെടെയുള്ള വിളവുകൾ കരിഞ്ഞുണങ്ങി. ഉണങ്ങിപ്പോയ കൃഷികളുടെ സ്ഥാനത്ത് പുതുകൃഷിക്ക് യാതൊരു സഹായവും സർക്കാർ നൽകിയിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം വിളവുകൾ ഉണ്ടാകാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാർഷിക, വിദ്യാഭ്യാസ, ചെറുകിട സംരംഭക, ഭവന നിർമ്മാണ വായ്പകൾ എടുത്തിട്ടുള്ള സാധാരണക്കാർ ഭിതീയുടെ വക്കിലാണ്. റിക്കവറി നടപടികൾക്കായി ബാങ്കുകൾ ഏർപ്പെടുത്തിയിരിക്കുന്ന ഏജൻസികൾ വായ്പ കുടിശിഖക്കാരെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നതായി എം.പി പറഞ്ഞു. ഇതുമൂലം വളരെ ദുഷ്‌കരമായ സ്ഥിതി വിശേഷമാണ് ജില്ലയിൽ സംജാതമായിരിക്കുന്നത്. സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ സംഘടിച്ച് ഇത്തരം കിരാതമായ നടപടികളെ ചെറുത്ത് തോൽപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എം.പി പറഞ്ഞു.