sajan
സജൻ

പീരുമേട്: പീരുമേട് സബ്ജയിലിൽ നിന്ന് ചാടിപ്പോയ വിചാരണ തടവുകാരനെ മണിക്കൂറുകളോളം പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടി. പോക്സോ കേസിലും ഭാര്യയെ മർദ്ദിച്ച കേസിലും പ്രതിയായ ആനവിലാസം കെ ചപ്പാത്ത് ഭാഗത്ത് കാരക്കാട് വീട്ടിൽ സജനാണ് (38) ജയിൽ ചാടിയത്.​ കുമളി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിചാരണ തടവുകാരനായി 11നാണ് പീരുമേട് സബ്ജയിലിൽ എത്തിച്ചത്. ശനിയാഴ്ച പണികൾക്കായി മറ്റ് തടവുകാർക്കൊപ്പം സജനെയും പുറത്തിറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ ജയിൽ ചാടുകയായിരുന്നു. തുടർന്ന് തോട്ടാപ്പുരയ്ക്ക് സമീപം വച്ച് ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ച് പാമ്പനാർ ഭാഗത്തേക്ക് പോയി. പൊലീസ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രതിയുടെ ഫോട്ടോ കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിന് വിവരം നൽകിയത്. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ ജയിൽ അധികൃതരും പീരുമേട് പൊലീസും ചേർന്ന് ഓട്ടോറിക്ഷയുടെ പിന്നാലെയെത്തി പാമ്പനാറിൽ നിന്ന് പ്രതിയെ പിടികൂടി. ഉപ്പുതറ സ്റ്റേഷനിൽ സജനെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.