തൊടുപുഴ: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ. പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകാനാകില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സലീംകുമാർ രംഗത്തെത്തിയത്. ജില്ലയിൽ കല്ലാർകുട്ടി ഉൾപ്പെടെ പത്ത് ചെയിൻ മേഖലയിൽ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി താമസിക്കുന്ന കൃഷിക്കാർക്കും സാധാരണക്കാരായ ജനങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള സർവേ നടപടികൾ ഉൾപ്പെടെ റവന്യൂ വകുപ്പ് പൂർത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്ത് പട്ടയം നൽകാൻ കഴിയില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതും പുനഃപരിശോധനയ്‌ക്കേണ്ടതുമാണെന്ന് സലിം കുമാർ പറഞ്ഞു. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ ആരംഭിച്ച പട്ടയ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കൃഷിക്കാർക്ക് പട്ടയം നൽകണമെന്നതാണ് എൽ.ഡി.എഫ് തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ. രാജനും മൂന്ന് ചെയിനിലും പത്ത് ചെയിൽ മേഖലയിലും പട്ടയം നൽകുമെന്ന് ഉറപ്പു നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.