മൂന്നാർ: ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയിൽ വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി കൂടാതെ അഞ്ചിലധികം ഷെഡുകളും കാട്ടാന ആക്രമണത്തിൽ നശിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെ എത്തിയ പടയപ്പ ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് മടങ്ങിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. രണ്ടാഴ്ചയായി ദേവികുളം,​ സൈലന്റ് വാലി ,​ എക്കോപോയിന്റ് എന്നീ മേഖലയിൽ തുടർച്ചയായി ഇറങ്ങിയ പടയപ്പ നിരവധി കൃഷിയിടങ്ങളും ഷെഡുകളും തകർക്കുന്നു.