കട്ടപ്പന: ഏലമലക്കാടുകളുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കപ്പെടുത്തുന്നതും നിരാശാജനകവുമാണെന്ന് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. പെരിയാർ ടൈഗർ റിസർവ് മുതൽ രാജമല വരെ വന്യജീവി ഇടനാഴി നിർമ്മിച്ചെടുക്കാൻ വനം- പരിസ്ഥിതി- ഉദ്യോഗസ്ഥ ലോബി നടത്തുന്ന നിരന്തര ശ്രമത്തിന്റെ പരിണിത ഫലമാണ് ഇടക്കാല വിധി. തലമുറകളായി ഈ പ്രദേശത്ത് ജീവിക്കുന്ന അഞ്ചുലക്ഷത്തോളം കർഷകരെയും രണ്ടു ലക്ഷത്തിലധികം കർഷക- തോട്ടം തൊഴിലാളികളെയും പതിനായിരക്കണക്കിന് വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ഭേദഗതി ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിചാരണയ്ക്കിടെ പരിശോധിക്കാൻ സമയം ലഭിച്ചില്ല. കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റി നടത്തിയ വിചാരണയിലെ കണ്ടെത്തലുകൾ അമിക്കസ്‌ക്യൂറി മുഖേന സുപ്രീംകോടതിയിൽ നേരത്തെ തന്നെ സമർപ്പിച്ചിരുന്നു. എംപവേർഡ് കമ്മിറ്റിക്ക് നൽകിയ പരാതിയിൽ യഥാർത്ഥ വസ്തുതകൾ ബോധിപ്പിക്കൽ പരാജയപ്പെട്ടതിനാലാണ് സി.എച്ച്.ആർ പൂർണമായി വനമാണെന്ന പുതുക്കിയ റിപ്പോർട്ട് അമിക്കസ്‌ക്യൂറി മുഖേന സമർപ്പിക്കാൻ എംപവേർഡ് കമ്മിറ്റിക്ക് സഹായകമായത്. സി.എച്ച്.ആർ പൂർണമായി റവന്യൂ ഭൂമിയാണെന്നും മരങ്ങളുടെ സംരക്ഷണം മാത്രമേ വനം വകുപ്പിന്റെ ചുമതലയിലുള്ളൂവെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്.ഏലമല വനമല്ലെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും കൃഷിക്കൊപ്പം മറ്റ് നിർമ്മാണങ്ങളുമുള്ള പ്രദേശമാണെന്നും സുപ്രീംകോടതിയിൽ ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരും കർഷക സംഘടനകളും രാഷ്ട്രീയ- സാമുദായിക നേതൃത്വവും ഒറ്റക്കെട്ടായി നീങ്ങണമെന്നും ഫെഡറേഷൻ പ്രസിഡന്റ് സ്‌റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ. സന്തോഷ്, ആർ. മണിക്കുട്ടൻ, വി.ജെ. ജോസഫ്, ജോർജ് പി. ജേക്കബ്, ഡിപിൻ പൊന്നപ്പൻ എന്നിവർ ആവശ്യപ്പെട്ടു.