ഇടുക്കി: വിവാദമായ ചൊക്രമുടി മലനിരകളിൽ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം റവന്യൂ ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കൈയേറ്റവും അധനികൃത നിർമ്മാണവും നടത്തിയ വിവാദ ഭൂമിയുടെ ഒരു ഭാഗത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി എടുത്തത്ത്. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സബ് കളക്ടറെ ഉൾപ്പെടെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ്
റവന്യൂ സംഘം സ്ഥലത്തെത്തി മണ്ണ് മാന്തി യന്ത്രവും ടിപ്പർ ലോറിയും പിടിച്ചെടുത്തത്. സ്വകാര്യ റിസോർട്ടിന് വേണ്ടിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നതെന്നാണ് വിവരം. ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന ചൊക്രമുടി മലനിരകളിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നെന്ന റിപ്പോർട്ടിനെ തുടർന്ന് തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, താലൂക്ക് സർവേയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ചൊക്രമുടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനിടെയിലാണ് വീണ്ടും അനുമതിയില്ലാതെ നിർമ്മാണപ്രവർത്തനം നടത്താൻ ശ്രമമുണ്ടായത്.