grill

 സ്റ്റാൻഡിലെ ഓടയ്ക്ക് മുകളിലെ ഗ്രില്ലുകളെല്ലാം ദ്രവിച്ചു

തൊടുപുഴ: മുൻസിപ്പൽ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നവരാണോ നിങ്ങൾ,​ എങ്കിൽ നിങ്ങളുടെ കാലിന്റെ കാര്യത്തിൽ തീരുമാനമാകും. ബസ് സ്റ്റാൻഡിലെ ഓടയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഗ്രില്ലുകളിൽ പലതും ദ്രവിച്ച് അടർന്ന് പോയി. നിരവധി ബസുകൾ കടന്നുപോകുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡിലെ സ്ഥിതിയാണിത്. കുട്ടികളും​ പ്രായമായവരുമടക്കം നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഓടയ്ക്കുള്ളിൽ വീഴാം. ബസ് കയറാനുള്ള വ്യഗ്രതയിൽ പലപ്പോഴും കാൽചുവട്ടിലെ അപകടം ശ്രദ്ധിക്കാതെ പോയാൽ ഓടയിൽ വീഴുമെന്ന് ഉറപ്പാണ്. നാളുകൾക്ക് മുമ്പ് ഇതേ ഗ്രില്ലിന്റെ ഇടയിൽ യുവതിയുടെ കാല് കുടുങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് അത് പുറത്തെടുത്തത്. എന്നിട്ടും ഗ്രില്ല് നന്നാക്കി അപകടമൊഴിവാക്കാൻ അധികൃതർ തയ്യാറായില്ല. ഇത് പുനർനിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും യാത്രികരെ അപകടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

മൂക്ക് പൊത്തിക്കോ..

ഗ്രില്ലിന്റെ വിടവിലൂടെ ഓടകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തിൽ നിന്ന് ഉയരുന്ന രൂക്ഷഗന്ധം മൂലം മൂക്ക് പൊത്തേണ്ട ഗതികേടിലാണ് യാത്രികർ. നാറ്റം സഹിച്ച് ഇത് വഴിയുള്ള യാത്ര അതി കഠിനമാണെന്നാണ് യാത്രികർ പറയുന്നത്. നഗരത്തിലെ നാനാഭാഗത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെയും ശൗചാലങ്ങളിലെയുമെല്ലാം മലിനജലം ഒഴുകുന്നത് ഓടകളിലൂടെയാണ്. മഴയിൽ ഇവ നിറഞ്ഞ് റോഡിലടക്കം മലിനജലം നിറയുന്ന അവസ്ഥയുമുണ്ട്. ചിലപ്പോൾ ഖരമാലിന്യങ്ങൾ ഒഴുകിയെത്തി ഓടകളിലെ വെള്ളം കെട്ടി നിന്ന് ഒഴുക്കിനെ തടസപ്പെടുത്തുന്ന സാഹചര്യവുമുണ്ട്.