കട്ടപ്പന :ജില്ലയിലെ ഏലമല കുന്നുകളിൽ പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവ് ഇറങ്ങിയതിന് കാരണമായത് സർക്കാരിന്റെ കർഷക ദ്രോഹ നിലപാടാണെന്നും പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധിക്ക് കാരണമായ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ ശക്തമായ പ്രധിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി.ഇടതുപക്ഷ സർക്കാരിന്റെ കർഷക ദ്രോഹ നിലപാടിനെതിരെ സി.എച്ച്. ആർ പരിധിയിൽ വരുന്ന എല്ലാ നിയോജക മണ്ഡലങ്ങളിലും സമരത്തിന്റെ ആദ്യഘട്ടമെന്നവണ്ണം ഏകദിന ഉപവാസവും രണ്ടാം ഘട്ടം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരവും സംഘടിപ്പിക്കും.സി.എച്ച്. ആറിൽ പുതിയ പട്ടയം വിലക്കിയതോടു കൂടി പട്ടയം എന്ന ഇടുക്കികാരുടെ സ്വപ്നത്തിന് തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ടുണ്ടായ കോടതി വിധി ജില്ലയിലെ ഒരു ലക്ഷം ആളുകളെ നേരിട്ട് ബാധിക്കും.ഈ വിധിയിലൂടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്ന 25000 പേർ ആശങ്കയിലാണെന്ന് യൂയൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.