
കുമളി :കുടുംബയോഗങ്ങളുടെ രൂപീകരണത്തോടെ എസ്.എൻ.ഡി.പി യോഗ പ്രവർത്തനത്തിൽ എല്ലാ സമുദായാംഗങ്ങൾക്കും പങ്കാളിത്തം ലഭിച്ചു തുടങ്ങിയെന്നും അതോടെ യോഗ പ്രവർത്തനം കൂടുതൽ സജീവമായെന്നും പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞ്ഞു..എസ്. എൻ. ഡി. പി. യോഗം കുമളി ശാഖയിലെ ദർശനമാല കുടുംബയോഗവാർഷികത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ശാഖാ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന യോഗ പ്രവർത്തനം അംഗങ്ങളുടെ വീടുകളിലേക്കു മാറിയതോടെ ആബാലവൃദ്ധം ജനങ്ങളും പ്രവർത്തനത്തിന്റെ ഭാഗമാകുകയും അവരുടെ എല്ലാ പ്രശ്നങ്ങളും കുടുംബ സദസ്സുകളിൽ ചർച്ച ചെയ്ത് പരിഹാരം കാണുകയും ചെയ്തു. യോഗം അവരുടെ താങ്ങും തണലുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കുടുംബയോഗം ചെയർമാൻ വി. കെ. രാജു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി കെ.പി ബിനു മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡൻറ് എം.ഡി. പുഷ്ക്കാൻ ,സെക്രട്ടറി സജിമോൻ, വനിതാ സംഘം പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ, സെക്രട്ടറി പ്രീതി രാജപ്പൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. പ്രശാന്ത്, സെക്രട്ടറി കെ.കെ.ഷിബു, കുമാരി സംഘം പ്രസിഡൻറ് ശ്രീലഷ്മി, സെക്രട്ടറി അഭിരാമി സന്തോഷ്, കുടുംബയോഗം കൺവീനർ ഗ്രീഷ്മ വിപിൻ എന്നിവർ പ്രസംഗിച്ചു